സ്വന്തം ലേഖകന്‍: ഇസ്രയേല്‍, പലസ്തീന്‍ പ്രശ്‌നത്തില്‍ മധ്യസ്ഥനാകാനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്, ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്തും. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേല്‍പലസ്തീന്‍ പ്രശ്‌നത്തില്‍ ദീര്‍ഘകാലമായി സ്വീകരിച്ചിരുന്ന ദ്വിരാഷ്ട്ര പ്രശ്‌നപരിഹാരം എന്ന നിലപാടില്‍നിന്ന് അമേരിക്ക പിന്‍മാറുന്നതായും ട്രംപ് പ്രസ്താവിച്ചു. സ്വതന്ത്ര പലസ്തീന്‍ എന്ന നയത്തെ അനുകൂലിച്ചിരുന്ന അമേരിക്കന്‍ നിലപാടിലാണ് ഇതോടെ ട്രംപ് മാറ്റം വരുത്തുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണമെന്നാണ് തന്റെ നിലപാടെന്നും അതില്‍ താന്‍ ഇടപെടില്ലെന്നും ട്രംപ് വ്യക്തമാക്കി. ഒബാമ സര്‍ക്കാര്‍ പലസ്തീനെ അനുകൂലിക്കുന്ന നയമായിരുന്നു പിന്‍തുടര്‍ന്നിരുന്നത് എന്നതിനാല്‍ ഇസ്രയേയും അമേരിക്കയുമായുള്ള ബന്ധത്തെ അത് ബാധിച്ചിരുന്നു. എന്നാല്‍ തീവ്ര നിലപാടുകാരനായ ട്രംപിന് ഇസ്രയേലുമായി അടുക്കാനാണ് താത്പര്യമെന്ന് തെളിയിക്കുന്നതാണ് പുതിയ പ്രഖ്യാപനം. ഇസ്രയേലുമായുള്ള അമേരിക്കയുടെ സൈനിക, സുക്ഷാ മേഖലകളിലുള്ള ബന്ധം ശക്തമായി തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ ക്ഷണം സ്വീകരിച്ച് വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇരുനേതാക്കളും നടത്തിയ വിശദമായ കൂടികാഴ്ചയ്ക്കു ശേഷം മാധ്യമങ്ങള്‍ക്കു മുന്നിലാണ് ഇസ്രയേലുമായുള്ള ബന്ധം അമേരിക്ക ദൃഢമായി നിലനിര്‍ത്തുമെന്ന് ട്രംപ് പറഞ്ഞത്. മധ്യപൂര്‍വദേശത്തെ സുരക്ഷാപ്രശ്‌നങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. എങ്കിലും യുഎസ് എംബസി ടെല്‍ അവീവില്‍നിന്നു ജറുസലമിലേക്കു മാറ്റുന്നതു സംബന്ധിച്ചു ചര്‍ച്ചയില്‍ ധാരണയായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല