1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2017

 

സ്വന്തം ലേഖകന്‍: പാകിസ്താനിലെ പ്രമുഖ സൂഫി തീര്‍ഥാടന കേന്ദ്രത്തില്‍ ചാവേര്‍ സ്‌ഫോടനം, 72 പേര്‍ കൊല്ലപ്പെട്ടു, പൊട്ടിത്തെറി പ്രാര്‍ഥന നടക്കുന്നതിനിടെ. സിന്ധ് പ്രവിശ്യയിലെ സെഹ്വാന്‍ പട്ടണത്തിലെ ലാല്‍ ഷഹ്ബാസ് ഖലന്ദറിന്റെ ഖബറിടം ഉള്‍കൊള്ളുന്ന തീര്‍ഥാടന കേന്ദ്രത്തിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 150 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്ചകളില്‍ നടക്കാറുള്ള പ്രത്യേക പ്രാര്‍ഥനാ ചടങ്ങിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ഈ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ ദര്‍ഗയിലേക്ക് നിരവധിപേര്‍ എത്തിയിരുന്നു. ആരാധനാലയത്തിലെ മുഖ്യാകവാടത്തിലൂടെ പ്രവേശിച്ച അക്രമി ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്നാണ് സ്വയം പൊട്ടിത്തെറിച്ചത്. ചാവേര്‍ ഒരു സ്ത്രീയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

വലിയ സ്‌ഫോടനമാണ് നടന്നതെന്ന് സിന്ധ് പ്രവിശ്യയിലെ ആരോഗ്യമന്ത്രി പറഞ്ഞു. ഇത്രയും വലിയ ദുരന്തത്തെ നേരിടാനുള്ള വൈദ്യസംവിധാനങ്ങള്‍ പ്രദേശത്തില്ല. പ്രാഥമിക വൈദ്യസഹായം നല്‍കിയശേഷം 70 കിലോമീറ്റര്‍ അകലെയുള്ള ആസ്?പത്രിയിലേക്ക് ആളുകളെ എത്തിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. മരണസംഖ്യ 100 കടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരാഴ്ചക്കിടെ പാകിസ്താനില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞ നവംബറില്‍ ബലൂചിസ്താനിലെ ഒരു സൂഫി കേന്ദ്രത്തിലും സമാനമായരീതിയില്‍ സ്‌ഫോടനം നടന്നിരുന്നു. 52 പേര്‍ കൊല്ലപ്പെടുകയും 102 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തവും ഐ.എസ് ഏറ്റെടുത്തിരുന്നു. തിങ്കളാഴ്ച പഞ്ചാബ് അസംബ്‌ളി കെട്ടിടത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.