സ്വന്തം ലേഖകന്‍: വിശ്വാസ വോട്ടെടുപ്പ് ഇന്ന്, നെഞ്ചിടിപ്പോടെ പനീര്‍ശെല്‍വവും ശശികലയും, തമിഴ്നാട് രാഷ്ട്രീയത്തില്‍ വിധിനിര്‍ണായകമായ നിമിഷങ്ങള്‍. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ശശികല വിഭാഗം സ്പീക്കര്‍ ഒഴികെ 123 എം.എല്‍.എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്. ജയലളിതയുടെ ആര്.കെ നഗര്‍ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. അതിനിടെ വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് ഏര്‍പ്പെടുത്തണമെന്ന പനീര്‍സെല്‍വം വിഭാഗത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. 234 അംഗ നിയമസഭയില്‍ നിലവില്‍ പതിനൊന്ന് എം.എല്‍.എമാരുടെ പിന്തുണയാണ് ഒ.പി.എസിനുള്ളത്. കോണ്‍ഗ്രസും ലീഗും കൂടി ചേരുന്നതോടെ അത് 109 ആകും.
രാവിലെ 11ന് ചേരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി വിശ്വാസപ്രമേയം അവതരിപ്പിക്കും. പരസ്യ വോട്ടെടുപ്പോ രഹസ്യ വോട്ടെടുപ്പോ എന്നത് സ്പീക്കര്‍ പി. ധനപാല്‍ തീരുമാനിക്കും. എടപ്പാടി പളനിസ്വാമിയെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് ഡി.എം.കെ വ്യക്തമാക്കി. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തീരുമാനിച്ചത്. നിയമസഭയില്‍ ഡി.എം.കെയ്ക്ക് 89 എം.എല്‍.എമാരാണുള്ളത്. നിയമസഭയില്‍ വിശ്വാസ വോട്ട് നേടാനിരിക്കെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അണ്ണാ ഡിഎംകെ എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടിലെത്തി തിരക്കിട്ട ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പനീര്‍ശെല്‍വം പക്ഷത്തേയ്ക്കുള്ള എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കിന് തടയിടാനാണിത്. കഴിഞ്ഞ പത്തു ദിവസത്തോളമായി റിസോര്‍ട്ടില്‍ കഴിഞ്ഞുവരുന്ന എംഎല്‍എമാരെ ശനിയാഴ്ച രാവിലെ മാത്രമേ മാറ്റുകയുള്ളൂ എന്നാണ് സൂചന. അതേസമയം, റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ക്കും പ്രമുഖ നേതാക്കള്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതിനിടെ, കഴിഞ്ഞ ദിവസം എംഎല്‍എമാരെ കാണാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ റിസോര്‍ട്ടിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
അതിനിടെ ശശികലയേയും ബന്ധുക്കളായ ടി.ടി.വി ദിനകരനെയും വെങ്കിടേഷിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി പനീര്‍ശെല്‍വം ക്യാമ്പ് അടുത്ത നീക്കം നടത്തി. അണ്ണാ ഡിഎംകെ ഭരണഘടന പ്രകാരം അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രാഥമിക അംഗത്വം ഉള്ളയാള്‍ക്ക് മാത്രമേ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയൂ. എന്നാല്‍, ഇതിന് വിരുദ്ധമായാണ് ശശികല തല്‍സ്ഥാനത്ത് എത്തിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് നടപടി. ശശികല പാര്‍ട്ടി പ്രസീഡിയം ചെര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ ഇ.മധുസൂദനനാണ് ശശികലയെയും ബന്ധുക്കളെയും പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. രാഷ്ട്രീയത്തിലേക്കില്ലെന്ന മുന്‍നിലപാടില്‍ നിന്ന് ശശികല വ്യതിചലിച്ചുവെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല