സ്വന്തം ലേഖകന്‍: ലോകത്തെ എട്ടാമത്തെ ഭൂഖണ്ഡം സീലാന്‍ഡിയ ഭൂപടത്തില്‍ ഇടം പിടിക്കാനൊരുങ്ങുന്നു. ഇതുവരെ ശാന്ത മഹാസമുദ്രത്തില്‍ ഒളിഞ്ഞിരുന്ന എട്ടാമത്തെ വന്‍കര കണ്ടത്തെിയതായി ഭൗമശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തി. സീലാന്‍ഡിയ എന്നാണ് ശാസ്ത്രജ്ഞര്‍ പുതിയ ഭൂഖണ്ഡത്തിന് പേര് നല്‍കിയിരിക്കുന്നത്. ശാന്തസമുദ്രത്തില്‍ ആസ്‌ട്രേലിയക്ക് കിഴക്കുള്ള പ്രദേശങ്ങളും ന്യൂസിലന്‍ഡ്, ന്യൂ കാലിഡോണിയ, നോര്‍ഫോല്‍ക് ദ്വീപ്, ലോര്‍ഡ് ഹോവ് ദ്വീപ് എന്നിവയും അടങ്ങിയ പ്രദേശമാണിത്. ഈ മേഖലയെ ഭൂഖണ്ഡമായി പരിഗണിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.
സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രം, കൃത്യമായി നിര്‍വചിക്കാന്‍ കഴിയുന്ന പ്രദേശം, ചുറ്റുമുള്ള സമുദ്രത്തിന്റെ അടിത്തട്ടിനെക്കാള്‍ കട്ടിയുള്ള ഭൂപ്രദേശം എന്നിവയാണ് സീലാന്‍ഡിയയെ വന്‍കരയായി പരിഗണിക്കാന്‍ ആവശ്യമായ കാരണങ്ങളായി ശാസ്ത്രജ്ഞര്‍ മുന്നോട്ടുവക്കുന്നത്. അഞ്ചു മില്യണ്‍ ചതുരശ്ര കി.മീ വിസ്തീര്‍ണമുള്ള സീലാന്‍ഡിയയുടെ 94 ശതമാനവും സമുദ്രത്തിനടിയിലാണ്. ആസ്‌ട്രേലിയ അടങ്ങിയിരുന്ന പ്രദേശത്തുനിന്ന് 85 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അടര്‍ന്നുപോയ പ്രദേശമാവാം സീലാന്‍ഡിയ എന്നാണ് കരുതുന്നത്. ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്ക എന്ന ജേണലിലാണ് ഭൂഖണ്ഡം സംബന്ധിച്ച പഠനങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ന്യൂസിലന്‍ഡിലെ ജി.എന്‍.എസ് സയന്‍സ്, വിക്ടോറിയ സര്‍വകലാശാല, സിഡ്‌നി സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 20 വര്‍ഷമായി സീലാന്‍ഡിയയെകുറിച്ചുള്ള പഠനങ്ങള്‍ നടത്തിവരികയായിരുന്നു എന്ന് ഭൗമശാസ്ത്രജ്ഞന്‍ നിക് മോര്‍ടിമര്‍ പറഞ്ഞു. 1995ല്‍ അമേരിക്കന്‍ ഭൗമശാസ്ത്രജ്ഞന്‍ ബ്രൂസ് ലുയെന്‍ഡികാണ് ഭൂഖണ്ഡത്തിന് സീലാന്‍ഡിയ എന്ന പേര് ആദ്യമായി നിര്‍ദേശിച്ചത്. അധികം വൈകാതെതന്നെ സീലാഡിയ ലോക ഭൂപടത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോര്‍ട്ടിമര്‍ അഭിപ്രായപ്പെട്ടു.
ചുറ്റുമുള്ള കടലിന്റെ അടിത്തട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ സീലാന്‍ഡിയയുടെ ഭൂപടലം കട്ടികൂടിയതാണ്. വന്‍കരമായി പരിഗണിക്കാന്‍വേണ്ട വലിപ്പവും സീലാന്‍ഡിയക്കുണ്ട്. ഓസ്‌ട്രേലിയന്‍ വന്‍കരയില്‍നിന്ന് എട്ടരക്കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് വേര്‍പെട്ടാണ് സീലാന്‍ഡിയ രൂപപ്പെട്ടതെന്ന് കരുതുന്നു. 2.3 കോടി വര്‍ഷം മുമ്പുവരെ ഈ വന്‍കര പൂര്‍ണമായും കടലില്‍ മുങ്ങിക്കിടക്കുകയായിരുന്നു.
ഭൂഖണ്ഡ രൂപവത്കരണത്തെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ് കണ്ടെത്തലെന്ന് ഗവേഷകര്‍ പറയുന്നു. ആഫ്രിക്ക, അന്റാര്‍ട്ടിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവയാണ് നിലവിലുള്ള ഭൂഖണ്ഡങ്ങള്‍. യൂറോപ്പിനെയും ഏഷ്യയെയും ഒരുമിച്ച് യുറേഷ്യാ എന്നും വിശേഷിപ്പിക്കാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല