1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2017

 

സ്വന്തം ലേഖകന്‍: പാക് സൂഫി ആരാധനാലയത്തിനു നേരെയുണ്ടായ ഐഎസ് ഭീകരാക്രമണം, പാക് സൈന്യം തിരിച്ചടിക്കുന്നു, 42 ഭീകരരെ വധിച്ചു, അഫ്ഗാന്‍ അതിര്‍ത്തി അടക്കുമെന്ന് പാക് സര്‍ക്കാര്‍. പാക്ക് സൈനിക വിഭാഗങ്ങള്‍ നടത്തിയ തിരിച്ചടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് 42 ഭീകരര്‍ കൊല്ലപ്പെട്ടത്. സിന്ധ് പ്രവിശ്യയിലെ സെഹ്‌വാന്‍ നഗരത്തിലെ സൂഫി ആരാധനാലയമായ ലാല്‍ ഷഹബാസ് ഖലന്ദറില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ചാവേറാക്രമണത്തില്‍ 80 പേര്‍ മരിക്കുകയും ഇരുന്നൂറ്റന്‍പതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. പാക് നഗരങ്ങള്‍ ഐഎസ് ഭീകരരുടെ സ്ഥിരം ആക്രമണ ലക്ഷ്യങ്ങളായി മാറിയ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തി അടക്കാന്‍ തീരുമാനിച്ച പാക്കിസ്ഥാന്‍ ചരക്കു നീക്കമുള്‍പ്പെടെ മരവിപ്പിച്ചിരിക്കുകയാണ്. അഫ്ഗാനില്‍ ഒളിവില്‍ കഴിയുന്നെന്നു കരുതുന്ന 76 ഭീകരരുടെ പട്ടിക പാക്ക് സൈന്യം അഫ്ഗാന്‍ അധികൃതര്‍ക്കു കൈമാറി.

ഇവര്‍ക്കെതിരെ എത്രയുംവേഗം നടപടിയെടുക്കുകയോ പാക്കിസ്ഥാനു കൈമാറുകയോ ചെയ്യണമെന്ന് പാക് വക്താവ് ആവശ്യപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയായ ഷാല്‍മാനില്‍ പാക്ക് സൈന്യമാണു തിരിച്ചടിക്കു തുടക്കമിട്ടത്. ഇതേസമയം തന്നെ വിവിധ പ്രവിശ്യാ സര്‍ക്കാരുകളും സംസ്ഥാന സര്‍ക്കാരുകളും ഭീകരകേന്ദ്രങ്ങള്‍ തിരിഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണമുണ്ടായ സൂഫി ആരാധനാലയം പൊലീസ് മുദ്രവച്ചു.

സംഭവസ്ഥലത്തു നിന്നു പൊലീസ് പ്രാഥമിക തെളിവുകള്‍ ശേഖരിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പാക്ക് ആരാധനാലയത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തെ അപലപിച്ച യുഎന്‍, ഉത്തരവാദികളെ എത്രയുംവേഗം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. സെഹ്‌വാനിലെ ദുരന്തഭൂമിയില്‍ നിന്നു തിരികെ വരികയായിരുന്ന സിന്ധ് അര്‍ധസൈനിക വിഭാഗവുമായി കത്തോറിനു സമീപം ഹൈവേയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഏഴു ഭീകരര്‍ കൊല്ലപ്പെട്ടത്ത്.

ഈ മേഖലയില്‍ മൊത്തം 18 ഭീകരരെ വധിച്ചതായി അര്‍ധസൈനിക വിഭാഗം അറിയിച്ചു. കറാച്ചിയില്‍ സുരക്ഷാസൈനികര്‍ 11 തീവ്രവാദികളെ വധിച്ചു. കൈബറിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണു 12 ഭീകരര്‍ കൊല്ലപ്പെട്ടത്. വിവിധ പ്രദേശങ്ങളില്‍ നടന്ന റെയ്ഡില്‍ ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരവും പിടിച്ചെടുത്തു. ഏറ്റുമുട്ടലില്‍ ഖുറാം മേഖലയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. തീവ്രവാദികളെ തുടച്ചുനീക്കുമെന്നും വരുംദിവസങ്ങളില്‍ റെയ്ഡ് കൂടുതല്‍ ശക്തമാക്കുമെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.

സെഹ്വാന്‍ പട്ടണത്തിലെ സൂഫി തീര്‍ഥാടന കേന്ദ്രത്തിലുണ്ടായ ആക്രമണം 2014ന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണമാണ്. 1356ല്‍ നിര്‍മിച്ച ഈ തീര്‍ഥാടന കേന്ദ്രത്തിലാണ് കവിയും സൂഫിയുമായ മുഹമ്മദ് ഉസ്മാന്‍ മര്‍വന്ദി എന്ന ലാല്‍ ശഹബാസ് ഖലന്ദറിന്റെ ഖബറിടമുള്ളത്. ഇവിടെ വര്‍ഷത്തില്‍ നടക്കുന്ന ഉറൂസിനിടയിലാണ് ആക്രമണം നടന്നത്.

മുഴുവന്‍ സൈനിക ശക്തിയുമുപയോഗിച്ച് തീവ്രവാദികള്‍ക്ക് തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ആഹ്വാനം ചെയ്തു. ഐഎസ് ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിപക്ഷവും സാധാരക്കാരായതിനാല്‍ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനാവാത്ത സര്‍ക്കാറിനെതിരെ രാജ്യത്തെങ്ങും ജനരോഷം ശക്തമാണ്. പലയിടത്തും ജനം തെരുവിലിറങ്ങി സര്‍ക്കാര്‍ വാഹനങ്ങളും മറ്റും തീയിടുകയും സമൂഹ മാധ്യമങ്ങളിലടക്കം രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.