സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിശ്വാസ വോട്ടടുപ്പില്‍ വിജയിച്ചു, നിയമസഭ യുദ്ധക്കളമായി, സ്പീക്കറുടെ കസേര അടിച്ചുതകര്‍ത്തു, ഡിഎംകെ അംഗങ്ങളെ പുറത്താക്കി, വിശ്വാസവോട്ടിന് സാധുതയില്ലെന്ന് പനീര്‍ശെല്‍വം. 122 എം.എല്‍.എമാര്‍ പളനിസ്വാമിയെ അനുകൂലിച്ച് വോട്ട് ചെയ്തു. ശശികല പക്ഷത്തെ ഉറച്ച് നിന്ന് എം.എല്‍.എമാരാണ് 122 പേരും. പനീര്‍ സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച 11 എം.എല്‍.എമാര്‍ പളനിസ്വാമിയെ എതിര്‍ത്തും വോട്ട് ചെയ്തു. ബഹളത്തെ തുടര്‍ന്ന് ഡി.എം.കെയുടെ അംഗങ്ങളെ പുറത്താക്കിയ ശേഷമാണ് സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. കോണ്‍ഗ്രസ് അംഗങ്ങളും മുസ്ലീം ലീഗിന്റെ ഏക അംഗവും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
സഭ തുടങ്ങി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ച ഉടന്‍ മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വവും പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനും എതിര്‍പ്പുന്നയിച്ചു. ഇരുവരെയും സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എതിര്‍പ്പ് ഉന്നയിച്ചത്. വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് ഏര്‍പ്പെടുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ രണ്ട് ആവശ്യങ്ങളും നിരാകരിച്ചു. ബഹളം മൂത്തപ്പോള്‍ സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിച്ചു. ഇതോടെ വിശ്വാസ വോട്ട് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ സ്റ്റാലിന്റെ ആവശ്യം നിരാകരിച്ചു.
ഡി.എം.കെ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് കുതിച്ചു കയറി. പേപ്പറുകള്‍ കീറി എറിയുകയും മൈക്ക് എടുത്ത് എറിയുകയും ചെയ്തു. ഡി.എം.കെയുഡെ ഡോട്കര്‍ കൂടിയായ എം.എല്‍.എ പുങ്കോതായ് ആളജി അരുണ നിയമസഭാ ബെഞ്ചില്‍ കയറി നിന്ന് ബഹളം കൂട്ടി. ഡി.എം.കെ അംഗം കു കാ സെല്‍വം സ്പീക്കറുടെ കസേരയില്‍ കയറി ഇരിക്കുകയും കസേര വലിച്ചെറിയുകയും ചെയ്തു. എം.എല്‍.എമാരില്‍ ചിലര്‍ ഏറ്റുമുട്ടുകയും ചെയ്തു.
ശബ്ദ വോട്ടോടെയാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. നേരത്തെ ബ്ലോക്കായി തിരിച്ച് എം.എല്‍.എമാരുടെ തലയെണ്ണി വോട്ടെടുപ്പ് നടത്താനാണ് സ്പീക്കര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡി.എം.കെയും പനീര്‍സെല്‍വവും ഇതിനെ എതിര്‍ത്തു. വിശ്വാസ വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ നടത്തണമെന്ന ആവശ്യവും സ്പീക്കര്‍ തള്ളി. ഇതേതുടര്‍ന്ന് ഡി.എം.കെയുടെയും കോണ്‍ഗ്രസിന്റെയും അംഗങ്ങളെ പുറത്താക്കിയ ശേഷമാണ് സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് ആരംഭിച്ചത്.
പളനിസ്വാമിയെ എതിര്‍ത്ത് വോട്ട് ചെയ്ത പനീര്‍സെല്‍വ പക്ഷത്തെ 11 എം.എല്‍.എമാര്‍ക്ക് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കല്‍പ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ജയലളിതയുടെ സീറ്റിലടക്കം പന്ത്രണ്ട് സീറ്റുകളിലേക്ക് തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. എടപ്പാടി പളനിസ്വാമി വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത് ജനാധിപത്യ വിരുദ്ധമായെന്ന് ആരോപിച്ച പനീര്‍സെല്‍വം ഡി.എം.കെ അംഗങ്ങടെ പുറത്താക്കിയത് ജനാധിപത്യ വിരുദ്ധമാണെന്നും സ്പീക്കറുടെ നാടകമാണ് സഭയില്‍ കണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. വിശ്വാസ വോട്ടെടുപ്പിന് ശേഷം സഭയില്‍ നിന്ന് പുറത്തേക്ക് വന്നപ്പോഴായിരുന്നു ഒ.പി.എസിന്റ പ്രതികരണം.
സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയെന്നും സ്പീക്കര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രതിപക്ഷത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെന്നും പ്രതിപക്ഷ നേതാവ് സ്റ്റാലിന്‍ പറഞ്ഞു. നിയമസഭയില്‍ നിന്നും ഇറക്കിവിട്ടതിന് പിന്നാലെ സ്റ്റാലിന്‍ രാജ്ഭവനില്‍ എത്തുകയും ഗവര്‍ണറെ കാണുകയും ചെന്നൈ മറീന ബീച്ചിലെ ഗാന്ധി സ്മാരകത്തിന് മുന്നിലെത്തി നിരാഹാര സമരം തുടങ്ങുകയും ചെയ്തു. ഇദ്ദേഹത്തെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു നീക്കി.
അതേസമയം ശശികല വിഭാഗത്തിനെതിരായ പോരാട്ടം തുടരുമെന്ന് പനീര്‍സെല്‍വം വ്യക്തമാക്കി. ജയലളിതയുടെ യഥാര്‍ത്ഥ അനുയായി താനാണ്. തന്റെ നേതൃത്വത്തിലുള്ള ഭരണം തിരിച്ചു വരുമെന്നും പനീര്‍സെല്‍വം പറഞ്ഞു. നേരത്തെ ശശികലയെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയാക്കിയത് പാര്‍ട്ടി ഭരണഘടന ലംഘിച്ചാണെന്ന പരാതിയുമായി പനീര്‍ശെല്‍വം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഈ പരാതി കമ്മീഷന്‍ ശരിവച്ചാല്‍ പനീര്‍സെല്‍വം പക്ഷത്തെ എം.എല്‍.എമാര്‍ അയോഗ്യത ഭീഷണിയില്‍ നിന്നൊഴിവാകുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല