സ്വന്തം ലേഖകന്‍: ആരാണ് പള്‍സര്‍ സുനി? കൊച്ചിയില്‍ പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സുനി സിനിമാ മാഫിയയിലെ പ്രധാന കണ്ണിയെന്ന് സൂചന. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പെരുമ്പാവൂര്‍ കോടനാട് സ്വദേശി സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) കൃത്യം വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് അന്വേഷണം പുരോഗമിക്കുമ്പൊള്‍ ലഭിക്കുന്ന സൂചന. വാഹനം വാടക്കെടുക്കലും കൂട്ടാളികളെ ഒരുക്കലുമെല്ലാം ചെയ്തത് ഇയാളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിംഗിലൂടെ പണം തട്ടാനുള്ള ഗൂഢാലോചനയാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമമനം. നടിയില്‍ നിന്നു 30 ലക്ഷം തട്ടാനായിരുന്നു പദ്ധതി തയാറാക്കിയതെന്നും അതില്‍ പകുതി തങ്ങള്‍ക്കു നല്‍കാമെന്നും മുഖ്യപ്രതി പള്‍സര്‍ സുനി വാഗ്ദാനം ചെയ്തിരുന്നതായും ഡ്രൈവര്‍ മാര്ട്ടിന് ഉള്‍പ്പെടെ കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്കി.
പള്‍സര്‍ സുനി പതിനേഴാം വയസില്‍ നാടുവിട്ടയാളെന്ന് സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ഇടയ്ക്കിടെ വീട്ടില്‍ വന്നുപോകും. അഞ്ചു മാസം മുന്പാണ്അവസാനമായി വീട്ടില്‍ എത്തിയത്. ഇടയ്ക്ക് ഞാന്‍ കൊച്ചിയില്‍ പോയി കാണാറുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ വിളിക്കുമ്പോള്‍ എറണാകുളത്ത് ഉണ്ടെന്നാണ് തന്നോട് പറഞ്ഞതെന്നും സഹോദരി പറയുന്നു. സുനി പ്രമുഖ നടന്മാരുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നും പ്രമുഖ താരങ്ങള്‍ തന്നെവിളിച്ച് സുനിയെ നേരെയാക്കാമെന്ന് പറഞ്ഞിരുന്നതായും സഹോദരി വെളിപ്പെടുത്തി.
സുനി ഒരു വര്‍ഷം തന്റെ ഡ്രൈവര്‍ ആയിരുന്നുവെന്നും പിന്നീടു താന്‍ ഒഴിവാക്കിയതാണെന്നും നടനും എംഎല്‍എയുമായ എം.മുകേഷ് പറഞ്ഞു. മൂന്നുവര്‍ഷം മുന്‍പാണു സുനി തന്റെ ഡ്രൈവറായി വന്നത്. വളരെ നല്ല പെരുമാറ്റമായിരുന്നു. ക്രിമിനല്‍ പശ്ചാത്തലം ഉള്ളയാളാണെന്നു താന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് സ്വഭാവം തിരിച്ചറിഞ്ഞതോടെ ഇയാളെ പറഞ്ഞുവിടുകയായിരുന്നു എന്നും നടനും എംഎല്‍എയുമായ മുകേഷ് പറഞ്ഞു. ഇപ്പോള്‍ യുവനടിക്കു സംഭവിച്ചതിനു സമാനമായ അനുഭവം തന്റെ ഭാര്യയും സിനിമാതാരവുമായ മേനകക്കും സുനിയില്‍ നിന്ന് ഉണ്ടായതായി നിര്‍മ്മാതാവ് സുരേഷ് കുമാറും വ്യക്തമാക്കുന്നു.
വര്‍ഷം മുന്‍പാണ് സംഭവം നടന്നത്, കൊച്ചിയില്‍ ജോണി സാഗരികയുടെ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും മേനകയെ കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കിയ വണ്ടിയിലാണ് തട്ടിക്കൊണ്ടുപോകാന്‍ സുനി ശ്രമം നടത്തിയത്. ഹോട്ടലില്‍ പോകാനായി പള്‍സര്‍ സുനിയുടെ വണ്ടിയില്‍ കയറിയ മേനകയെ ഇയാള്‍ ഹോട്ടലിലെത്തിക്കാതെ വാഹനത്തില്‍ ഇരുത്തി കറങ്ങുകയായിരുന്നു. സംശയം തോന്നിയപ്പോള്‍ മേനക താനുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതും കാരണം കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചില്ലെന്നും സുരേഷ് കുമാര്‍ പറയുന്നു.മേനകയ്ക്ക് ഒപ്പം യാത്ര ചെയ്യേണ്ടിയിരുന്ന മറ്റൊരു നടിയേ ആണ് പള്‍സര്‍ സുനി ലക്ഷ്യം വെച്ചിരുന്നത് പക്ഷേ അന്നാ നടി മേനകയ്ക്ക് ഒപ്പമുണ്ടായിരുന്നില്ലെന്നും സുരേഷ് കുമാര്‍ വെളിപ്പെടുത്തി.
പള്‍സര്‍ സുനി ഇതിന് മുമ്പും സമാനമായ ആക്രമണം നടത്തിയിട്ടുണ്ടെന്ന് സൂചന. മലയാളത്തിലെ രണ്ട് യുവനടിമാരാണ് ഇരയായത്. അപമാനം ഭയന്ന് അവര്‍ പരാതിനല്കാന് മടിക്കുകയായിരുന്നു. നടിമാരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ സുനി അതുപയോഗിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് വന്‍തുക തട്ടിയതായി മാര്ട്ടിന് വെളിപ്പെടുത്തി. കഴിഞ്ഞദിവസത്തെ ആക്രമണത്തിന് മുമ്പ് സുനി വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. വാഹന മോഷണത്തില്‍ ഇയാളുടെ ഇഷ്ട വാഹനം പള്‍സര്‍ ആയതിനാലാണ് പള്‍സര്‍ സുനി എന്ന പേര് വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പള്‍സര്‍ സുനിയുടെ ഫോണ്‍ രേഖകളും പോലീസ് പരിശോധിച്ചു വരികയാണ്. സംഭവങ്ങളുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ ഈ രേഖകള്‍ വഴി ലഭിക്കും എന്ന പ്രതീക്ഷയിലാണു പോലീസ്. സംഭവം നടന്നതിനു തൊട്ടു പിന്നാലെ സിനിമ മേഖലയിലുള്ള ചിലര്‍ സുനിയെ ഫോണില്‍ ബന്ധപ്പെട്ടെന്നതിനു തെളിവ് പോലീസിനു ലഭിച്ചിട്ടുണ്ട്. സിനിമ മേഖലയില്‍ നിന്നുള്ള ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്ന കാര്യത്തില്‍ പോലീസ് ഗൗരവപൂര്‍വ്വം അന്വേഷിക്കുന്നുണ്ട്.
നടിയുടെ ഡ്രൈവര്‍ മാര്ട്ടിന് ഗുണ്ടാസംഘാംഗമായ വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണു സംഭവവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലുള്ളത്. പള്‍സര്‍ സുനി, മണികണ്ഠന്, വിജിഷ് എന്നിവരാണു പിടിയിലാകാനുള്ളത്. വടിവാള്‍ സലിം, പ്രദീപ് എന്നിവര്‍ കോയമ്പത്തൂരില്‍ നിന്നാണു പിടിയിലായത്. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലവും കുറ്റകൃത്യങ്ങളും സിനിമ ലോകത്തിന് വളരെ വ്യക്തമായി അറിയാമായിരുന്നിട്ടും ഇയാള്‍ എങ്ങനെ പത്തു വര്‍ഷത്തോളം ഈ രംഗത്ത് തുടര്‍ന്നുവെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുനിക്ക് സിനിമ മേഖലയില്‍ ഉറച്ച വേരുകളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല