1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2017

 

സ്വന്തം ലേഖകന്‍: ട്രംപിന്റെ വരവോടെ അമേരിക്ക, ഇസ്രായേല്‍ ബന്ധത്തില്‍ പുതിയ ദിവസം പിറന്നിരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കന്‍ പ്രസിഡന്റു പദത്തിലേക്ക് ഡോണള്‍ഡ് ട്രംപ് എത്തിയത് യുഎസ്ഇസ്രയേല്‍ നയതന്ത്ര ബന്ധം ഊഷ്മളമാക്കുന്നതിനു സഹായിക്കുമെന്ന് പറഞ്ഞ ഇസ്രയേല്‍ പ്രധാനമന്ത്രി തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം ഇസ്രയേല്‍ മന്ത്രിസഭയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ട്രംപുമായും വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സുമായും നെതന്യാഹുകൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപും താനും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുന്നതിനുള്ള പ്രധാന കാരണമായെന്നും ഇറാനടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് നേരിടേണ്ടി വരുന്ന ഭീഷണിയെ സംബന്ധിച്ച് അമേരിക്കയ്ക്കും ഇസ്രയേലിനും ഒരേ നിലപാടും കാഴ്ചപ്പാടുമാണുള്ളതെന്നും നെതന്യാഹു വ്യക്തമാക്കി.

സുരക്ഷ സാമ്പത്തികസാങ്കേതിക മേഖലകളുള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നേരത്തെ ഇരു നേതാക്കളും തമ്മില്‍ ധാരണയായിരുന്നു. ചര്‍ച്ചയില്‍ സന്തുഷ്ടനായ നെതന്യാഹു ചര്‍ച്ച വന്‍ വിജയമാണെന്നും ചരിത്രപരമായ ചുവടുവെപ്പാണെന്നും ചര്‍ച്ചക്കുശേഷം ആദ്യമായി നടന്ന മന്ത്രിസഭ യോഗത്തില്‍ തുറന്നു പറയുകയും ചെയ്തു.

അമേരിക്കന്‍ഇസ്രായേല്‍ ബന്ധത്തില്‍ ‘പുതിയ ദിനം’ പിറന്നിരിക്കയാണെന്ന് ട്രംപ് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ഒബാമ കാലത്തുനിന്ന് വിപരീതമായി പൂര്‍ണമായും ഇസ്രായേല്‍ അനുകൂല തീരുമാനങ്ങളാവും അമേരിക്കന്‍ ഭരണകൂടം സ്വീകരിക്കുകയെന്ന പ്രതീക്ഷയിലാണ് നെതന്യാഹു. പലസ്തീന്‍ പ്രശ്‌നത്തില്‍ അമേരിക്ക യുഎന്നില്‍ സ്വീകരിച്ച നിലപാടുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.