സ്വന്തം ലേഖകന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 5 പൗണ്ട് കറന്‍സി നോട്ടില്‍ മൃഗക്കൊഴുപ്പെന്ന് ആരോപണം. ഹിന്ദു കൗണ്‍സില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്താന്‍ ബാങ്ക് അധികൃതര്‍. പുതിയതായി പുറത്തിറക്കിയ അഞ്ചു പൗണ്ടിന്റെ പോളിമര്‍ കറന്‍സിയിലാണ് മൃഗക്കൊഴുപ്പടങ്ങിയിട്ടുള്ളത്. ഇംഗ്ലണ്ടിലെ ഹിന്ദുകൗണ്‍സില്‍ ചെയര്‍മാന്‍ ഉമേഷ് സി. ശര്‍മ ജെ.പി., ഇന്റര്‍ഫെയ്ത്ത് റിലേഷന്‍സ് തലവന്‍ അനില്‍ ബനോട്ട് തുടങ്ങിയവരെയാണ് പ്രത്യേകമായി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്.
കറന്‍സിനിര്‍മാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചതറിഞ്ഞ് ഹിന്ദു, സിഖ്, ജൈനമതക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നവംബറിലാണ് മാട്ടിറച്ചി കൊഴുപ്പ് അഞ്ചുപൗണ്ട് കറന്‍സിയുടെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നുള്ള വിവരം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തുവിടുന്നത്. ഇംഗ്ലണ്ടിനുപുറത്തും അകത്തുമായുള്ള ക്ഷേത്രങ്ങളില്‍ അഞ്ചു പൗണ്ട് നോട്ട് സ്വീകരിക്കുന്നത് നിരോധിച്ചതായും ഇത് ക്ഷേത്രവരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കിയിട്ടുള്ളതായും ഹിന്ദു കൗണ്‍സില്‍ ബാങ്കിനെ അറിയിച്ചു.
നിലവിലുള്ള അഞ്ചു പൗണ്ടിന്റെ കറന്‍സി പിന്‍വലിക്കില്ലെന്നും പേപ്പറിനുപകരം മൃഗക്കൊഴുപ്പടങ്ങിയ പുതിയ പോളിമര്‍ ഉപയോഗിച്ചുള്ള കറന്‍സിയുമായി മുന്നോട്ടുപോകുമെന്നും ബാങ്കും അറിയിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കുന്ന പുതിയ പൗണ്ടിന്റെ നോട്ട് മൃഗക്കൊഴുപ്പുകൊണ്ടാണെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് പ്രതിഷേധം വ്യാപകമായിരുന്നു.
മൃഗക്കൊഴുപ്പടങ്ങിയ ടാലോ നോട്ടില്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്തയെതുടര്‍ന്ന് വെജിറ്റേറിയന്‍മാരും വേഗന്‍മാരും ഈ നോട്ടിനെതിരെ പരാതിയുമായി മുന്നോട്ടുവന്നു. മാത്രവുമല്ല മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അതേസമയം നോട്ടില്‍ മൃഗക്കൊഴുപ്പ് വളരെ കുറച്ചു മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും ഇതിന്റെ വ്യാജന്‍ പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടാണെന്നും ബാങ്ക് ഉറപ്പു നല്‍കിയിരുന്നു.
അഞ്ച് പൗണ്ട് പ്ലാസ്റ്റിക്ക് നോട്ട് നിലനിര്‍ത്തുമെന്നും 10 പൗണ്ടിന്റെ പുതിയ നോട്ട് പുറത്തിറക്കുമെന്നും അടുത്തിടയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥിരീകരിച്ചത്. 2020 ല്‍ സസ്യാധിഷ്ഠിത സബ്സ്റ്റിറ്റിയൂഡുകള്‍ അടങ്ങിയ 20 പൗണ്ടിന്റെ പോളിമര്‍ നോട്ടുകള്‍ ബാങ്ക് പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധം കനത്തതോടെ ടെ 5, 10, 20 പൗണ്ട് നോട്ടിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല