സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പ്രത്യേക അന്വേഷണ സംഘം അവസാനിപ്പിക്കുന്നു, മതിയായ തെളിവുകളില്ലെന്ന് സൂചന. മണിയുടെ മരണത്തിലെ ദുരൂഹത ഇതുവരെ അവസാനിച്ചിട്ടില്ല. മരണത്തില്‍ മണിയുടെ സുഹൃത്തുക്കളായ ചിലര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായിരുന്നില്ല.
മണിയുടെ അസ്വാഭാവിക മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ നിരന്തരം ആരോപണം ഉന്നയിച്ചിട്ടും കേസില്‍ കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായില്ല. അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും ശാസ്ത്രീയമായ തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം കേസന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.
കേസുമായി ബന്ധപ്പെട്ട് പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളൊഴിച്ചാല്‍ മറ്റൊന്നും തന്നെ ലഭിച്ചിട്ടില്ല. ഈ തെളിവുകള്‍ മരണത്തിലെ അസ്വാഭാവികത തെളിയിക്കാന്‍ പോന്നതുമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇതുവരെ കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച ശേഷം കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. കേസ് സിബിഐ അന്വേഷിക്കട്ടെ എന്നാണ് പോലീസിന്റെ നിലപാട്.
അതേസമയം മണിയുടെ കേസ് ഏറ്റെടുക്കുന്നതില്‍ സിബിഐക്ക് താത്പര്യമില്ലെന്നാണ് വിവരം. അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സിബിഐയെ സമീപിച്ചിരുന്നെങ്കിലും കേസ് ഇതുവരെ ഏജന്‍സി ഏറ്റെടുത്തിട്ടില്ല. അതേസമയം കേസ് അവസാനിപ്പിക്കുന്നതിനെതിരെ മണിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പോലീസ് പരാജയമാണെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ പ്രതികരിച്ചു.
പോലീസില്‍ വിശ്വാസമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു. കോടതി വഴി നീതി തേടാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വിഷാംശം ഉള്ളില്‍ ചെന്നാണ് മണി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മണിയുടെ ആന്തരികാവയവങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇതില്‍ ബാഹ്യ ഇടപെടല്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും കേസിന് സഹായകരമാകുന്ന തെളിവുകള്‍ ഒന്നുംതന്നെ ലഭിച്ചിട്ടില്ല.
മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി അന്തരിച്ചത്. പാഡി റെസ്റ്റ് ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മണി തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നായിരുന്നു വിവരങ്ങള്‍. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. മണിയുടെ ശരീരത്തില്‍ വ്യാജ മദ്യത്തില്‍ കാണാറുള്ള മീഥേല്‍ ആല്‍ക്കഹോള്‍ കണ്ടതോടെ ദുരൂഹത വര്‍ധിച്ചിരുന്നു. കൊലപാതകമാണെന്ന് കുടുംബവും പരാതിപ്പെട്ടതൊടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല