സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ കിം ജോങ് നാമിനെ യുവതികള്‍ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്, സംഭവത്തിന്റെ പേരില്‍ മലേഷ്യയും ഉത്തര കൊറിയയും ഉരസുന്നു. മലേഷ്യയിലെ ക്വാലലംപൂര്‍ വിമാനത്താവളത്തില്‍വെച്ച് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് നാമിനെ ആക്രമിക്കുന്നത് അവ്യക്തമായ രീതിയില്‍ ദൃശ്യങ്ങളില്‍ കാണാം. ജപ്പാനിലെ ഫുജി ടിവിയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. കിം ജോങ് നാം വിമനത്താവളിലെത്തുന്നതും ടിക്കറ്റെടുക്കാന്‍ മെഷീനിനടുത്തേക്ക് ചെല്ലുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ആക്രമണ ശേഷം നാം പോലീസിനെ സമീപിക്കുന്ന വീഡിയോയ്ക്കും വ്യക്തതയുണ്ട്. എന്നാല്‍ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ക്ക് തീരെ വ്യക്തതയില്ല. കുറ്റവാളികളുടെ മുഖവും ദൃശ്യങ്ങളില്‍ അവ്യക്തമായി മാത്രമേ കാണുന്നുള്ളൂ.
സംഭവവുമായി ബന്ധപ്പെട്ട് മലേഷ്യയും വടക്കന്‍ കൊറിയയും തമ്മിലുള്ള ബന്ധം ഉലയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ വടക്കന്‍ കൊറിയയിലെ തങ്ങളുടെ അംബാസഡറെ മലേഷ്യ തിരിച്ചുവിളിച്ചു. കൂടാതെ വടക്കന്‍ കൊറിയയുടെ അംബാസഡറെ വിളിച്ചു വരുത്തി മലേഷ്യയ്‌ക്കെതിരേ ആരോപണം ഉയര്‍ന്നതിന്റെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ആക്രമണം നടന്ന സമയത്ത് രാജ്യം വിട്ട വടക്കന്‍ കൊറിയക്കാരന് വേണ്ടിയുള്ള തെരച്ചിലിലാണ് മലേഷ്യന്‍ പോലീസ്. ഒരു വടക്കന്‍ കൊറിയക്കാരന്‍, ഒരു വിയറ്റ്‌നാംകാരി, ഒരു ഇന്തോനേഷ്യക്കാരി, ഒരു മലേഷ്യക്കാരന്‍ എന്നിവരാണ് കൊലപാതക സംഘത്തിലുള്ളതെന്നാണ് മലേഷ്യന്‍ പോലീസിന്റെ കണ്ടെത്തല്‍.
ജക്കാര്‍ത്തയില്‍ നിന്നും ദുബായിലേക്കുള്ള വിമാനത്തില്‍ വെച്ച് ഇവരില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ദക്ഷിണ കൊറിയയും അമേരിക്കയും വിശ്വസിക്കുന്നത് നാമിനെ കൊന്നത് കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയന്‍ ഏജന്റുകളാണെന്നാണ്. അതേസമയം മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യാനും ശരീരം വടക്കന്‍ കൊറിയയ്ക്ക് വിട്ടുകൊടുക്കാതിരിക്കാനും മലേഷ്യ ശ്രമിക്കുന്നു എന്നാണ് വടക്കന്‍ കൊറിയയുടെ ആരോപണം. എന്നാല്‍ ഇത് മലേഷ്യന്‍ വിദേശകാര്യമന്ത്രാലയം തള്ളിയിട്ടുണ്ട്.
അതേസമയം മലേഷ്യന്‍ സര്‍ക്കാര്‍ എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നെന്ന വടക്കന്‍ കൊറിയയുടെ മലേഷ്യന്‍ അംബാസഡര്‍ നടത്തിയ പ്രസ്താവന വിവാദമായി മാറി. മലേഷ്യ ഇക്കാര്യത്തില്‍ വിദേശശക്തികളുമായി രഹസ്യധാരണയിലാണെന്നും ആരോപിച്ചു. എന്നാല്‍ ആരും മുന്നോട്ട് വരാത്തതിനാലാണ് മൃതദേഹം വിട്ടു കൊടുക്കാത്തതെന്നായിരുന്നു മലേഷ്യയുടെ ന്യായീകരണം. അതുപോലെ തന്നെ ബുധനാഴ്ച നേരത്തേ തന്നെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതായി പറയുന്നു.
അതിനിടയില്‍ കൊലപാതകത്തിന് പിന്നില്‍ വടക്കന്‍ കൊറിയ തന്നെയാണെന്ന് ദക്ഷിണകൊറിയ ആരോപിച്ചു. തിങ്കളാഴ്ച ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി ഹ്വാംഗ് ക്യോ ഇക്കാര്യം പറയുകയും ചെയ്തു. ഭരണത്തിലെ കുടുംബവാഴ്ചയെ വിമര്‍ശിക്കുകയും ജനാധിപത്യത്തിന് വേണ്ടി വാദിക്കുകയും ചെയ്തതിലൂടെ കിം ജോങ് ഉന്നീന്റെ നോട്ടപ്പുള്ളിയായ കിം ജോംഗ് നാം ചൈനയ്ക്ക് കീഴിലെ മക്കാവുവിലായിരുന്നു ഇതുവരെ കഴിഞ്ഞിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല