സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്കിനെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധ പ്രകടനം, ‘ഞാനും ഒരു മുസ്ലീമാണ്’ പ്ലക്കാര്‍ഡുമേന്തി ആയിരങ്ങള്‍ അണിചേര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപി യാത്രാ വിലക്കിനെതിരെ ന്യൂയോര്‍ക്കില്‍ ‘ഞാനും ഒരു മുസ്ലിമാണ്’ എന്ന പ്ളക്കാര്‍ഡുമായി വ്യത്യസ്ത മതവിശ്വാസികളായവര്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. വംശീയതക്കെതിരെ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന് ഫോര്‍ എത്നിക് അണ്ടര്സ്റ്റാന്ഡിങ് എന്ന സംഘടന മറ്റു ചില സംഘടനകളുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
മുസ്ലിം യാത്രാവിലക്ക് ഉപേക്ഷിക്കുക, മുന്‍ധാരണകള്‍ മാറ്റിവെക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റാലിയില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തി. ന്യൂയോര്‍ക് മേയര്‍ ബില്‍ ഡി ബ്ളാസിയോ ചടങ്ങില്‍ സംസാരിച്ചു. എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും സംരക്ഷിക്കാനാണ് അമേരിക്ക സ്ഥാപിതമായതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ മുസ്ലിംകള് അനുഭവിക്കുന്ന ഭീഷണിക്കും സമ്മര്‍ദത്തിനും അറുതിവരുത്താന്‍ എല്ലാവരും രംഗത്തുവരണമെന്ന് ചടങ്ങില്‍ സംസാരിച്ച വിവിധ മതനേതാക്കളും സാംസ്കാരിക രംഗത്തെ പ്രമുഖരും ആവശ്യപ്പെട്ടു.
തെളിഞ്ഞ ആകാശത്തിന് കീഴില്‍ തങ്ങളെ ഒരുമിച്ച് കൂട്ടിയ ട്രംപിന് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച സംഗീത ചക്രവര്‍ത്തി റസല്‍ സിമ്മണ്‍സ് നന്ദി പറഞ്ഞു. പ്രസിഡന്റായി അധികാരത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപ് ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടയിലാണ് ടൈം സ്ക്വയറില്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല