1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2017

 

സ്വന്തം ലേഖകന്‍: അഫ്രീദി മാജിക് ഇനിയില്ല, പാക് ഓള്‍റൗണ്ടര്‍ ശാഹിദ് അഫ്രീദി രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. മുമ്പൊരിക്കല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ശേഷം തിരിച്ചെത്തിയ അഫ്രീദി 21 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനാണ് ഇത്തവണ തിരശീലയിടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു 2010 ലും ഏകദിനത്തില്‍നിന്നു 2015 ലോകകപ്പിനു ശേഷവും വിരമിച്ച അഫ്രീദി ട്വന്റി20യില്‍ തുടര്‍ന്നും കളിച്ചിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ പെഷാവര്‍ സല്‍മിയുടെ താരമാണ്. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ 28 പന്തുകളില്‍ 54 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം.

വിവാദങ്ങളും തകര്‍പ്പന്‍ ഇന്നിങ്ങ്‌സുകളും കൊണ്ട് സംഭവബഹുലമാണ് താരത്തിന്റെ 21 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതം. പാക് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ അഫ്രീദി 1996 ല്‍ ശ്രീലങ്കയ്‌ക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടിയ ലോകത്തെ ഞെട്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ വെറും രണ്ടാമത്തെ മല്‍സരമായിരുന്നു അത്. തുടര്‍ന്ന് ലോക ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗിന്റെ പര്യായമായ അഫ്രീദി പാക് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലും തിളങ്ങി. ഫോം നഷ്ടമായതോടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പിന്‍മാറിയത്.

ഫീല്‍ഡിലും ക്രീസിലും ഒരുപോലെ ആക്രമണോല്‍സുകനായിരുന്നു അഫ്രീദി. തന്റെ ആരാധകര്‍ക്കായി പാകിസ്താന്‍ ക്രിക്കറ്റ് ലീഗില്‍ അടുത്ത രണ്ടു വര്‍ഷം തുടരുമെന്നും ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുകയാണെന്നും അഫ്രീദി പറഞ്ഞു. 27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 1176 റണ്‍സും, 48 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 398 ഏകദിന മത്സരങ്ങളില്‍ നിന്നായി 8044 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 395 വിക്കറ്റുകളും വീഴ്ത്തി. 98 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 1405 റണ്‍സും നേടിയാണ് അഫ്രീദി വിടപറയുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.