സ്വന്തം ലേഖകന്‍: ഹിറ്റ്ലറുടെ ആ ചുവന്ന ഫോണ്‍ ലേലത്തില്‍പ്പോയി, വില 2.43 ലക്ഷം കോടി ഡോളര്‍. രണ്ടാംലോക യുദ്ധകാലത്ത് അഡോള്‍ഫ് ഹിറ്റ്ലര്‍ ഉപയോഗിച്ചിരുന്ന ടെലിഫോണാണ് 2.43 ലക്ഷം കോടി ഡോളറിന് അമേരിക്കയില്‍ ലേലംചെയ്തത്. ഒരു ലക്ഷം ഡോളറിനാണ് ലേലം ആരംഭിച്ചത്. 1945ല്‍ ബര്‍ലിന്‍ ബങ്കറില്‍ നാസി നേതാവ് ഉപയോഗിച്ചിരുന്ന ഫോണില്‍ ഹിറ്റ്ലറുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.
ജര്‍മനി കീഴടങ്ങിയശേഷം സോവിയറ്റ് സൈനികര്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന് സര് റാള്‍ഫ് റെയ്നര്‍ക്ക് സ്മാരക ചിഹ്നമായി നല്കിയ ഈ ഫോണ്‍ മകന് റനുള്ഫാണ് ലേലക്കമ്പനിക്ക് കൈമാറിയത്. നാസി ജര്‍മനി തകര്‍ന്നതിനുശേഷം 1945ല്‍ ബെര്‍ലിനിലെ ബങ്കറില്‍നിന്നാണ് ഈ ഫോണ്‍ കണ്ടെടുത്തത്. കറുത്ത നിറത്തില്‍ നിര്‍മിച്ചിരുന്ന ഫോണ്‍ പിന്നീട് ഹിറ്റ്ലറുടെ പേര് ഉള്‍പ്പെടുത്തി കടും ചുവപ്പ് നിറത്തില്‍ പെയിന്റ് ചെയ്തിരുന്നു. 70 വര്‍ഷം പഴക്കമുള്ള ഫോണില്‍ സ്വസ്തിക് ചിഹ്നവും ചേര്‍ത്തിരുന്നു.
ഹിറ്റ്ലര്‍ സ്വകാര്യമായി ഉപയോഗിച്ചിരുന്ന ഈ ടെലിഫോണ്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് നിരവധി കൂട്ടക്കുരുതികള്‍ക്ക് ഉത്തരവുകള്‍ നല്‍കിയതാണെന്ന് കരുതപ്പെടുന്നു. അതുകൊണ്ട് തന്നെ ചുവന്ന ഭീകര ഫോണെന്നും അറിയപ്പെടുന്നു. ഫോണ്‍ ലേലംകൊണ്ടയാളുടെ പേരുവിവരങ്ങള്‍ ലേലം നടത്തിയ അലക്സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഓക്ഷന്‍സ് പുറത്തുവിട്ടിട്ടില്ല. ഹിറ്റ്ലറുടെ ഫോണ്‍ ഉള്‍പ്പെടെ ആയിരത്തില്‍ അധികം വസ്തുക്കളാണ് കമ്പനി ലേലം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല