സ്വന്തം ലേഖകന്‍: കുവൈറ്റില്‍ മലയാളി നഴ്‌സിനു കത്തിക്കുത്തേറ്റു, ആക്രമണം മോഷണശ്രമം തടയാന്‍ ശ്രമിച്ചപ്പോള്‍, കുവൈറ്റിലെ മലയാളി സമൂഹം ആശങ്കയില്‍. കോട്ടയം കൊല്ലാട് പുതുക്കുളത്തില്‍ ബിജോയുടെ ഭാര്യ ഗോപിക (27) യെയാണ് കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുവൈറ്റിലെ അബ്ബാസിയയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഗോപിക വീട്ടിലെത്തി വാതില്‍ തുറന്നതിന് തൊട്ടുപിന്നാലെ ആക്രമിക്കപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അക്രമിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് യുവതിയെ കുത്തുകയായിരുന്നു. വയറിനും കാലിനും മുഖത്തും കുത്തേറ്റ യുവതിയെ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അബ്ബാനിയ ട്വന്റിഫോര്‍ ഫാര്‍മസി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് ഗോപികയും ഭര്‍ത്താവും താമസിക്കുന്നത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എത്തിയ ഗോപിക വാതില്‍ തുറന്ന് കയറുന്നതിനിടെയായിരുന്നു അക്രണം. എന്നാല്‍, കതക് തുറക്കാതെ ഗോപിക അക്രമിയെ നേരിട്ടു. ഇതിനിടെയാണ് പരിക്കേറ്റത്.
മോഷണശ്രമം പരാജയപ്പെട്ടതോടെ അക്രമി ഓടി രക്ഷപെട്ടു. തുടര്‍ന്ന് രക്തത്തില്‍ കുളിച്ച നിലയില്‍ രണ്ടാം നിലയില്‍ നിന്നും താഴത്തെ നിലയിലെത്തിയ ഗോപിക അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കെട്ടിട കാവല്‍ക്കാരനും അയല്‍വാസികളും ചേര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചതനുസരിച്ച് ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തുകയും ഗോപികയെ ആശുപത്രിയില്‍ എത്തിച്ച് ഉച്ചയോടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. ഗോപികയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോട്ടയം കാരാപ്പുഴ സ്വദേശിനിയായ ഗോപിക ഒരു വര്‍ഷം മുന്‍പാണ് കുവൈറ്റില്‍ എത്തിയത്. ഭര്‍ത്താവ് ബിജോ അല്‍ ബാബ്‌റ്റെന്‍ ഗ്രൂപ്പ് ആര്‍ഡ് നിസാന്‍ കുവൈറ്റ് ജീവനക്കാരനാണ്. അബ്ബാസിയയില്‍ മലയാളികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പതിവായി മാറിയറത് പ്രവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ കവര്‍ച്ചക്കാരുടെ സ്ഥിരം ലക്ഷ്യമായിട്ടുംഇവിടെ വേണ്ടത്ര സുരക്ഷാ പരിശോധനകളോ സംരക്ഷണമോ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. ദിവസം തോറും ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും എംബസി അധികൃതര്‍ ഇതൊന്നും അറിഞ്ഞതായി ഭാവിക്കാറില്ലെന്ന് താമസക്കാര്‍ പറയുന്നു.
അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് നേര്‍ക്കുണ്ടാകുന്ന ആക്രമണങ്ങളുടെ എണ്ണം കൂടിവരുന്നത് പ്രവാസികളെ ആശങ്കാകുലരാക്കുകയാണ്. ഒമാനില്‍ മലയാളി നഴ്‌സായ ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത് ഒരാഴ്ച മുമ്പാണ്. സലാലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷെബിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതിനു ഒരാഴ്ച മുന്‍പും ഒരു മലയാളി യുവതി ഒമാനില്‍ കൊല്ലപ്പെട്ടിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ സിന്ധുകുമാരി മോഷണശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അങ്കമാലി സ്വദേശിനിയായ ചിക്കുവെന്ന മലയാളി നഴ്‌സും സമാനമായ രീതിയില്‍ ഒമാനില്‍ കൊല്ലപ്പെട്ടിരുന്നു. മൂവാറ്റുപുഴ സ്വദേശികളും ബിസിനസുകാരുമായ മുഹമ്മദ് മുസ്തഫ, സുഹൃത്ത് നജീബ് എന്നിവരെയും സലാലയിലെ ദാരിസില്‍ കൊല്ലപ്പെട്ടു, ഈ കൊലപാതകങ്ങളിലൊന്നും കാര്യമായ തുമ്പുണ്ടാക്കാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല