സ്വന്തം ലേഖകന്‍: ഉപേക്ഷിച്ചു പോയ മുന്‍ കാമുകി മാപ്പപേക്ഷിച്ച് എഴുതിയ കത്തിന് മാര്‍ക്കിട്ട യുവാവാണ് ട്വിറ്ററില്‍ താരം. സ്റ്റെറ്റ്സണ്‍ സര്‍വകലാശാലയിലെ നിക്ക് ലട്സ് എന്ന യുവാവാണ് ഒറ്റ ട്വിറ്റര്‍ പോസ്റ്റിലൂടെ താരമായത്. പഴയ കാമുകിയില്‍ നിന്നും ഒരു നീണ്ട കത്ത് നിക്കിന് ലഭിക്കുന്നതാണ് സംഭവങ്ങളുടെ തുടക്കം. പ്രണയകാലവും, വിരഹവും, ഒന്നിച്ച് ഉണ്ടായിരുന്ന നല്ല സമയങ്ങളെയും കുറിച്ചാണ് നിക്കിന്റെ മുന്‍ കാമുകി കത്തില്‍ എഴുതിയിരുന്നത്. പ്രണയ തകര്‍ച്ചക്കുള്ള കാരണങ്ങളും കത്തിലുണ്ടായിരുന്നു.
നിക്ക് അതിന് മറുപടി അയയ്ക്കാതെ കത്തിലെ ചില ഭാഗങ്ങള്‍ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു. കത്ത് വായിച്ചപ്പോള്‍ തോന്നിയ തെറ്റുകളും, വ്യാകരണ തെറ്റുകളും, വാക്യ ഘടനയിലെ പ്രശ്നങ്ങലും എല്ലാം അടയാളപ്പെടുത്തി. തന്നെ ചതിച്ചിട്ടില്ലെന്ന വരിക്ക് ശക്തമായ പ്രസ്താവനയാണെന്നും പക്ഷേ അതിനെ സാധൂകരിക്കാനാവശ്യമായ വിശദാംശങ്ങളൊന്നും നിന്റെ കയ്യിലില്ല എന്നും നിക്ക് രേഖപ്പെടുത്തി. തീര്‍ന്നില്ല, 100 ല്‍ 61 മാര്‍ക്കും ഡി ഗ്രേഡും നല്കി നിക്ക് കാമുകിയുടെ കത്ത് ഫോട്ടോ എടുത്ത് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ മാസം 17ന് പോസ്റ്റ് ചെയ്ത ഫോട്ടോ ഒരു ലക്ഷത്തിലേറെ തവണ റീ ട്വീറ്റ് ചെയ്യപ്പെടുകയും മൂന്ന് ലക്ഷത്തിലേറെ ലൈക്കുകള്‍ ലഭിക്കുകയും ചെയ്തതോടെ നിക്ക് തരംഗമാകുകയും ചെയ്തു.
പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലരും നിക്കിനെ വിമര്‍ശിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. ബാലിശമായിരുന്നു നിക്കിന്റെ പ്രവൃത്തിയെന്നാണ് ഇതില്‍ ഒരാള്‍ പ്രതികരിച്ചത്. പ്രണയിക്കുമ്പോള്‍ കാമുകിയുടെ ഭാഷാപാടവത്തെ കുറിച്ച് അറിയില്ലെങ്കിലും അതിന് ശേഷമെങ്കിലും ഇതേ കുറിച്ച് മനസ്സിലാക്കുന്നത് നല്ലതാണെന്നാണ് ചിലരുടെ കമന്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല