1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2017

 

സ്വന്തം ലേഖകന്‍: ‘ആ നടന്‍ ഞാനല്ല,’ പ്രശസ്ത നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി ദിലീപ്. തന്റെ വീട്ടില്‍ യൂണിഫോമിലോ മഫ്തിയിലോ പൊലീസ് വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ദിലീപ് വ്യക്തമാക്കി. തനിക്കെതിരെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ചില പത്രങ്ങളും ചേര്‍ന്ന് ഇല്ലാക്കഥകള്‍ പടച്ചു വിടുകയാണ്. പോലീസ് ചോദ്യം ചെയ്തുവെന്ന് പറയുന്ന ആലുവാക്കാരനായ നടന്‍ താനല്ല. തന്റെ വീട്ടില്‍ ഒരു പോലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല. ഇനി ഈ വാര്‍ത്തയുടെ നിജസ്ഥിതി തെളിയിക്കേണ്ടത് വാര്‍ത്ത പടച്ചു വിട്ടവരാണ്. കേസില്‍ യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടുക എന്നത് തന്റെ കൂടി ആവശ്യമാണെന്നും ദിലീപ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളില്‍ ഒരാളുമായും തനിക്ക് നേരിട്ടോ അല്ലാതെയോ പരിചയമില്ല. ഈ സംഭവത്തെ സംബന്ധിച്ച് പൂര്‍ണ്ണവും സത്യസന്ധവുമായ അന്വേഷണം ഉണ്ടാകേണ്ടതും മുഴുവന്‍ പ്രതികളെയും എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് അവര്‍ക്ക് അര്‍ഹിക്കുന്ന പരമാവധി ശിക്ഷ വാങ്ങികൊടുക്കണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

നടിയ്‌ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ ദിലീപിനെ പ്രതിസാഥനത്ത് നിര്‍ത്താന്‍ ശ്രമം നടക്കുന്നതായി നിര്‍മാതാക്കളും ആരോപിച്ചു. സംഭവത്തില്‍ ഒരാളെ വേട്ടയാടാനുള്ള നീക്കത്തെ ചെറുക്കുമെന്നും ദിലീപിന് എല്ലാ പിന്തുണയും നല്‍കുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. ഫിലിം ചേംബറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംഭവം ഒരാളിലേക്ക് കേന്ദ്രീകരിക്കുന്നതിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

സംഭവത്തെ തുടര്‍ന്ന് തങ്ങളുടെ സംഘടനയില്‍പെട്ട നടനുനേരെ വ്യക്തിഹത്യയും മാധ്യമവിചാരണയും നടക്കുന്നതായി താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ജനറല്‍സെക്രട്ടറി മമ്മൂട്ടി എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു. അഭ്യൂഹങ്ങളുടെയും കെട്ടിച്ചമച്ച ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇതെന്നും പ്രസ്താവനയില്‍ പറയുന്നു.

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

പ്രിയപ്പെട്ടവരെ,
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ ഫേസ്ബുക്കില്‍ സജീവം ആയിരുന്നില്ല. ജോലി തിരക്കുകളും അനുബന്ധ സംഭവങ്ങളും ആയിരുന്നു കാരണം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളായി മലയാള സിനിമയില്‍ ഒരിക്കലും സംഭവിക്കില്ല എന്ന് നമ്മളെല്ലാം കരുതിയതാണ് നടന്നത്. ഞങ്ങളുടെ ആ സഹപ്രവര്‍ത്തകക്ക് നേരിട്ട ദുരനുഭവത്തില്‍ ‘അമ്മ’യിലെ എല്ലാ അംഗങ്ങളും, അതിനൊപ്പം ചലച്ചിത്ര രംഗം ഒന്നടങ്കം തന്നെ അതിദാരുണമായ ഈ സംഭവത്തെ അപലപിക്കുകയും, ഞങ്ങളെല്ലാം ഒത്തു ചേര്‍ന്ന് ഒരു കൂട്ടായ്മയോടെ ആണ് കാര്യങ്ങള്‍ മുന്നോട്ടു പോയിരുന്നത്.
എന്നാല്‍ അതിനു ശേഷം ഈ ദാരുണ സംഭവത്തിന്റെ പേരില്‍ പേര് പറഞ്ഞും അല്ലാതെയും ആയി എന്നെ ലക്ഷ്യമാക്കി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അവര്‍ക്കൊപ്പം ‘ചില’ പത്രങ്ങളും ചേര്‍ന്ന് ഇല്ലാക്കഥകള്‍ പടച്ചു വിടുകയാണ്.

ഇന്ന് രാവിലെ ഇറങ്ങിയ ഏതാനും പത്രങ്ങളിലെ വാര്‍ത്തയാണ് ഈ കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ‘ആലുവയിലെ ഒരു പ്രമുഖ നടനെ’ ഈ കേസുമായി ബന്ധപെട്ടു പോലീസ് ചോദ്യം ചെയ്തുവത്രേ. തെറ്റിദ്ധാരണ പരത്തുന്നതും പുകമറ സൃഷ്ടിക്കുന്നതുമായ ഈ വാര്‍ത്ത വായിച്ചു അത് വിശ്വസിക്കുന്നവരോട് ആലുവയിലെ സ്ഥിര താമസ്സക്കാരന്‍ ആയ നടന്‍ എന്ന നിലയില്‍ പറയട്ടെ, ആ നടന്‍ ഞാനല്ല. എന്റെ വീട്ടില്‍ ഒരു പോലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല, ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല എന്റെ അറിവില്‍ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും പോലീസ് ഇത് വരെ അന്വേഷിച്ചിട്ടില്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഇനി ഈ വാര്‍ത്തയുടെ നിജസ്ഥിതി തെളിയിക്കേണ്ടത് വാര്‍ത്ത പടച്ചു വിട്ടവരാണ്.

കുടുംബ ബന്ധങ്ങളുടെ മൂല്യം നന്നായി അറിയുന്ന ഒരു വ്യക്തിയാണ് ഞാന്‍. അമ്മയും ഭാര്യയും മകളും ഒക്കെയുള്ള ശരാശരി മനുഷ്യന്‍. നിങ്ങളോരോരുത്തരും ആഗ്രഹിക്കുന്നത് പോലെ ഈ ദുഖകരമായ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരേണ്ടതും യഥാര്‍ത്ഥ കുറ്റവാളികള്‍ മുഴുവനും ശിക്ഷിക്കപ്പെടേണ്ടതും സമൂഹത്തിന്റെ എന്നപോലെ എന്റെയും കൂടി ആവശ്യമാണ്.

സമീപകാലത്തു മലയാള സിനിമയെ ഗ്രസിച്ച, ഈ വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കു എതിരെ, എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരുടെയും ആവശ്യപ്രകാരവും, സിനിമ സംഘടനകളുടെ പിന്തുണയോടെയും ഒരു പുതിയ സംഘടന രൂപീകരിക്കുകയും എല്ലാവരുടെയും നിര്‍ബന്ധപ്രകാരം അതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തത് ഈ വ്യവസായത്തിന്റെ എല്ലാവിധ ആനുകൂല്യങ്ങളും അനുഭവിക്കുന്ന ആളെന്ന നിലയില്‍ അതെന്റെ കടമയാണെന്ന് കരുതിയാണ്. അതിന്റെ പേരില്‍ ‘ചിലര്‍’ എന്നെ ക്രൂശിക്കുകയാണ്.

മലയാള സിനിമ വ്യവസായത്തിന് മൊത്തം അപമാനകാരവും വേദനാജനകവും ആയ ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളില്‍ ഒരാളുമായി പോലും എനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധമോ പരിചയമോ ഇല്ല. ഈ സംഭവത്തെ സംബന്ധിച്ച് പൂര്‍ണവും സത്യസന്ധവുമായ അന്വേഷണം ഉണ്ടാവേണ്ടതും മുഴുവന്‍ പ്രതികളെയും എത്രയും വേഗത്തില്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു അവര്‍ക്ക് അര്‍ഹിക്കുന്ന പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.