സ്വന്തം ലേഖകന്‍: യുഎസിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടുത്താനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ മെക്‌സിക്കോ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. മതിയായ രേഖകകളില്ലാതെ അമേരിക്കയില്‍ എത്തിവരെ അവര്‍ മെക്‌സിക്കന്‍ പൗരന്മാര്‍ അല്ലെങ്കില്‍ കൂടി മെക്‌സിക്കോയിലേക്ക് നാടുകടത്തുമെന്നാണ് യു.എസിന്റെ പുതിയ നയം. എന്നാല്‍ ഒരു ഭരണകൂടത്തിന്മേല്‍ മറ്റൊരു സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളെ അംഗീകരിക്കില്ലെന്ന് മെക്‌സിക്കന്‍ വിദേശകാര്യ മന്ത്രി ലുയിസ് വിദേഗാരെ പറഞ്ഞു.
വിഷയം ചര്‍ച്ച ചെയ്യുന്നതിനായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, ഹോംലാന്‍ഡ് സെക്ര്യൂരിറ്റി മേധാവി ജോണ്‍ കെല്ലി എന്നിവര്‍ മെക്‌സിക്കോയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോയുമായും കൂടിക്കാഴ്ച നടത്തുമെന്നും ലുയിസ് വിദേഗാരെ വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ മെക്‌സിക്കോയിലേക്ക് നാടുകടത്താന്‍ അധികാരികള്‍ക്ക് ചുമതല നല്‍കുന്ന വ്യവസ്ഥ യു.എസ് എമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി ആക്ടില്‍ ചൊവ്വാഴ്ചയാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഇത്തരത്തില്‍ നാടുകടത്താന്‍ യു.എസിന് അധികാരമുണ്ടോ എന്നതില്‍ തര്‍ക്കം തുടരുകയാണ്.
ഇക്കാര്യത്തില്‍ വേണ്ടിവന്നാല്‍ ഐക്യരാഷ്ട്ര സഭയെ സമീപിക്കുമെന്നാണ് മെക്‌സിക്കോയുടെ നിലപാട്. അതിര്‍ത്തി മതിലിനുശേഷം രണ്ടു രാജ്യങ്ങളും തമ്മിലെ മറ്റൊരു അഭിപ്രായഭിന്നതക്ക് കാരണമായിരിക്കയാണ് അമേരിക്കന്‍ പ്രസിഡന്റ് പുറപ്പെടുവിച്ച പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍. എവിടെ നിന്നുള്ളവരാണെങ്കിലും അനധികൃത കുടിയേറ്റക്കാരെ മെക്‌സിക്കോയിലേക്ക് നാടുകടത്തുമെന്ന പ്രഖ്യാപനമാണ് മെക്‌സിക്കോയെ ചൊടിപ്പിച്ചിരിക്കുന്നത്.
പുതിയ നിര്‍ദ്ദേശമനുസരിച്ച് രണ്ട് വര്‍ഷമായി രാജ്യത്തുണ്ടെനന് തെളിയിക്കാന്‍ തക്ക രേഖകളില്ലാത്തവരെ ഉടനടി പുറത്താക്കാന്‍ ഇമിഗ്രേഷന്‍ വകുപ്പിന് സ്വാതന്ത്ര്യമുണ്ട്.
രണ്ടാഴ്ചയില്‍ കുറഞ്ഞ കാലയളവായിരുന്നു ഇതുവരെയുള്ള സമയപരിധി. കൂട്ട നാടുകടത്തലല്ല ഉദ്ദേശിക്കുന്നതെന്നും നിലവിലെ നിയമം നടപ്പാക്കാനുള്ള അധികാരം നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് അമേരിക്കയുടെ നിലപാട്. ബലംപ്രയോഗിച്ച് അമേരിക്ക പുറത്താക്കിയ ഒരു മെക്‌സികക്ന്‍ സ്വദേശി പാലത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തതും വന്‍ വിവാദമായി. മെക്‌സിക്കോക്കാരുള്‍പ്പടെ ഒരു കോടിയിലേറെ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയിലുണ്ടെന്നാണ് കണക്ക്.
രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാര്‍ ഏതെങ്കിലും കേസുകളില്‍ കുറ്റവാളിയാക്കപ്പെടുകയോ കേസില്‍ പ്രതിയെന്ന് സംശയിക്കപ്പെടുകയോ ചെയ്താല്‍ എന്‍ഫോഴ്‌സ്‌മെന്റിന്‍ എളുപ്പത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും എന്നതാണ് പുതിയ നിയമത്തിന്റെ അടിസ്ഥാനം. ഇതിന് പുറമേ വിസാ കാലാവധി പൂര്‍ത്തിയായതിന് ശേഷം രാജ്യത്ത് കഴിയുന്നവരെയും ഉടന്‍ നാടുകടത്തും. എന്നാല്‍ കുട്ടികള്‍ക്ക് മാത്രമാണ് നിയമത്തില്‍ ഇളവ് ലഭിക്കുക. ബരാക് ഒബാമയുടെ ഭരണകാലത്ത് നിന്നിരുന്ന ഇളവുകളെല്ലാം റദ്ദാക്കിക്കൊണ്ടാണ് ട്രംപിന്റെ പുതിയ ഉത്തരവ്.
മെക്‌സിക്കോ അമേരിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരുടെ വരവ് തടയുന്നതിന് വേണ്ടി മതില്‍ നിര്‍മ്മിക്കുമെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള നിര്‍ദ്ദേശങ്ങളും പുതിയ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2000 മൈല്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി മതിലിന്റെ നിര്‍മ്മാണം അനുവദിക്കില്ലെന്ന് മെക്‌സിക്കോ നേരത്തെ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല