സ്വന്തം ലേഖകന്‍: നിശ്ചിത വരുമാനമില്ലെങ്കില്‍ ബ്രിട്ടനിലേക്ക് ജീവിത പങ്കാളിയെ കൊണ്ടുവരുന്നതിന് വിലക്ക്, ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി ബ്രിട്ടീഷ് സുപ്രീം കോടതി വിധി. നിശ്ചിത വരുമാനമില്ലാത്ത ഇന്ത്യക്കാരും യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവരും ജീവിതപങ്കാളിയെ ബ്രിട്ടനിലേക്കു കൊണ്ടുവരുന്നതു തടഞ്ഞ കുടിയേറ്റ നിയമം ശരിവക്കുകയായിരുന്നു ബ്രിട്ടീഷ് സുപ്രീം കോടതി.
പ്രതിവര്‍ഷം 18,600 പൗണ്ട് (ഏകദേശം 15 ലക്ഷം രൂപ) ശമ്പളമെങ്കിലും ഇല്ലാത്തവര്‍ക്ക് ജീവിത പങ്കാളിയെ ബ്രിട്ടനിലേക്കു കൊണ്ടുവരാന്‍ കഴിയില്ല എന്ന നിയമമാണ് സുപ്രീംകോടതി ശരിവച്ചിരിക്കുന്നത്. ഒരു കുട്ടിയുളള കുടുംബത്തിന്റെ കുറഞ്ഞ വരുമാനം 22,400 പൗണ്ടായി ഉയരും. പിന്നീടുള്ള ഓരോ കുട്ടിക്കും 2400 പൗണ്ട് അധിക വരുമാനമാണ് നിയമം അനുശാസിക്കുന്നത്. പ്രധാനമന്ത്രി തെരേസാ മേയ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ 2012ലാണ് ഈ നിയമം പാസാക്കിയത്. വരുമാന പരിധി നിശ്ചയിക്കുന്നത് കടുത്ത നടപടിയാണെന്നു കോടതി നിരീക്ഷിച്ചെങ്കിലും നിയമം റദ്ദാക്കാന്‍ തയാറായില്ല. ഇത്തരത്തില്‍ ബ്രിട്ടനില്‍ കഴിയുന്നവരുടെ കുട്ടികള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഹോം ഓഫീസ് പരിഗണിക്കാത്തതും കോടതി ചൂണ്ടിക്കാട്ടി.
കുടുംബമായി ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് പരാതിക്കാര്‍ വാദിച്ചു. 18,600 പൗണ്ടില്‍ കുറവ് ശമ്പളം വാങ്ങുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ കുടുംബങ്ങളെയാണ് നിയമം പ്രതികൂലമായി ബാധിച്ചത്. സ്‌കൈപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ കൂടിയാണ് ഇവരില്‍ ഭൂരിപക്ഷവും കുടുംബവുമായി ബന്ധപ്പെടുന്നത്. യുകെയിലുള്ള 43 ശതമാനം പ്രവാസികളും ഈ വരുമാനപരിധിക്കു താഴെയാണെന്നാണ് കണക്കുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല