സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബുദ്ധിയെ ഉപയോഗിക്കാതെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് വിട്ടുകൊടുത്തത് മണ്ടത്തരമായി, സ്വയം വിമര്‍ശനവുമായി ചൈനീസ് പത്രം. ഇന്ത്യയില്‍ നിന്നുള്ള ശാസ്ത്ര സാങ്കേതിക വിദഗ്ധരെ അവഗണിച്ച് പകരം അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഉള്ളര്‍ക്ക് അമിത പ്രാധാന്യവും സ്വീകാര്യതയും നല്കിയ ചൈനയുടെ നടപടിയെ വിമര്‍ശിക്കുന്നത് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസാണ്. ചൈന കാണിച്ചത് വലിയ ബുദ്ധിമോശമാണെന്ന് കുറ്റപ്പെടുത്തുന്ന പത്രം പുതുമകളും കണ്ടുപിടുത്തങ്ങളും നിലനിര്‍ത്താന്‍ ചൈന ഇന്ത്യയില്‍ നിന്നുള്ള ഹൈടെക് പ്രതിഭകളെ ഉപയോഗപ്പെടുത്തേണ്ടത് ആയിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
ഇതാദ്യമായാണ് ഇന്ത്യയ്ക്ക് അനുകൂലമായ ഒരു റിപ്പോര്‍ട്ട് ‘ഗ്ലോബല്‍ ടൈംസ്’ പ്രസിദ്ധീകരിക്കുന്നത്. രാജ്യത്തിന്റെ സാങ്കേതിക വളര്‍ച്ചയ്ക്ക് ചൈനയില്‍ നിന്നുള്ള പ്രതിഭകള്‍ മാത്രം മതിയാവില്ലെന്നതു കൊണ്ടു തന്നെ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തിയതുപോലെ ഇന്ത്യന്‍ ടെക് പ്രതിഭകളെ ഉള്‍ക്കൊള്ളിക്കണമെന്നാണ് ‘ഗ്ലോബല്‍ ടൈംസ്’ ചൈനീസ് സര്‍ക്കാരിന് നല്കുന്ന ഉപദേശം. ഇന്ത്യയെ കുറിച്ചും ഇന്ത്യയുമായി ബന്ധപ്പെട്ടും എന്നും വിമര്‍ശന സ്വഭാവമുള്ള ലേഖനങ്ങള്‍ മാത്രം എഴുതിയിട്ടുള്ള പത്രമാണ് സ്വയം വിമര്‍ശനമെന്നോണം ഇന്ത്യന്‍ പ്രതിഭകളെ അംഗീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തൊഴിലിടങ്ങളില്‍ ഇന്ത്യന്‍ എന്‍ജിനീയറേക്കാള്‍ ശമ്പളം ചൈനീസ് തൊഴിലാളിക്ക് നല്‍കുന്നുണ്ടെന്ന നിരീക്ഷണവും പത്രം നടത്തുന്നു. പ്രസിഡന്റ് ട്രംപിന്റെ നയത്തിന്റെ ഭാഗമായി കുടിയിറക്കല്‍ ഭീഷണി അഭിമുഖീകരിക്കന്ന ലക്ഷക്കണക്കായ ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് പത്രത്തിന്റെ ഇന്ത്യന്‍ പ്രേമം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ആദ്യം അമേരിക്ക’ എന്ന നയം യുഎസില്‍ ഇന്ത്യക്കാര്‍ക്ക് എച്ച്1ബി വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന ആശങ്ക ഇന്ത്യയില്‍ പടര്‍ന്നു പിടിക്കുന്നതിനിടയിലാണ് ലേഖനം. രാജ്യത്തെ സോഫ്റ്റ്വെയര് വിദഗ്ധരെ യുഎസില്‍ പ്രോജക്ട് ജോലിക്ക് അയ്ക്കാന്‍ ഈ വിസയാണ് ഇന്ത്യ അവലംബിക്കുന്നത്. വിദഗ്ധ ഇന്ത്യന്‍ തൊഴിലാളികളെ സ്വീകരിക്കുന്ന കാര്യത്തില്‍ തുറന്ന മനസ് കാട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം വാഷിങ്ങ്ടണിനോട് അഭ്യര്‍ഥിച്ചിരുന്നു.
യുഎസ് ആസ്ഥാനമായ സിഎ ടെക്നോളജീസ് എന്ന സോഫ്റ്റ്വെയര് സ്ഥാപനം ചൈനയിലുള്ള ഏതാണ്ട് 300 അംഗ ഗവേഷണവികസന സംഘത്തെ പിന്‍വലിച്ചെന്നും, അതേസമയം കഴിഞ്ഞ ഏതാനും വര്‍ഷമായി അവര്‍ ഇന്ത്യയില്‍ 2,000 പേരുള്ള ശാസ്ത്രസാങ്കേതിക സംഘം സ്ഥാപിച്ചെന്നും ലേഖനത്തില്‍ പറയുന്നു. യുവപ്രതിഭകള്‍ ആവശ്യത്തോളമുള്ള ഇന്ത്യ വര്‍ധിത തോതില്‍ ആകര്‍ഷക കേന്ദ്രമാവുകയാണെന്നും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു. ഹൈടെക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ നിന്നും ചൈനയ്ക്ക് പിന്നോട്ടു പോകാനാകില്ല. ആഗോള സാമ്പത്തിക ശക്തിയായുള്ള വളര്‍ച്ച ചൈനയ്ക്ക് നിലനിര്‍ത്തേണ്ടതുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. 2016ല്‍ 1,576 വിദേശിയര്‍ക്ക് ചൈന സ്ഥിരം റസിഡന്‍സ് വിസ നല്‍കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 163 ശതമാനം കൂടുതലാണിത്. ചൈനയില്‍ ജോലി ചെയ്യാനെത്തുന്ന ഇന്ത്യക്കാര്‍ക്ക് നല്ല ശമ്പളവും ബംഗളൂരുവിനെക്കാള്‍ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും ലഭിക്കുമെന്നും ലേഖനം വാഗ്ദാനം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല