സ്വന്തം ലേഖകന്‍: യുഎസിലെ കാന്‍സസില്‍ ഇന്ത്യക്കാനായ എഞ്ചിനീയറെ വെടിവച്ചു കൊന്ന അമേരിക്കക്കാരന് അലറിയത് ‘എന്റെ രാജ്യത്തു നിന്നു പുറത്തുപോകൂ’, പ്രവാസികളെ ആശങ്കയിലാഴ്ത്തി യുഎസില്‍ വംശീയതയുടെ കാര്‍മേഘം പരക്കുന്നു. ഒലാതെയില്‍ ഗ്രാര്‍മിന്‍ ഹെഡ്ക്വാട്ടേഴ്സില്‍ ജോലി ചെയ്തിരുന്ന ശ്രിനിവാസ് കുച്ചിബോട്ല (32)യാണ് മരിച്ചത്. സുഹൃത്ത് അലോക് മഡസാനി ആശുപത്രില്‍ ചികില്‍സയിലാണ്. പ്രതി അമേരിക്കന്‍ സ്വദേശിയായ അദം പുരിന്‍ടനെ പൊലീസ് അറസ്റ്റു ചെയ്തു. നാവികസേനയില്‍ ജോലി ചെയ്തിരുന്നയാളാണ് പുരിന്ടന്. കൊലപാതകക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ട് അമേരിക്കക്കാരനായ ഒരാള്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെടിവയ്പില്‍ പരിക്കേറ്റ ശ്രീനിവാസിനെയും അലോകിനെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്രീനിവാസിനെ രക്ഷിക്കാനായില്ല. മഡസാനിയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.
ബുധനാഴ്ച പ്രാദേശിക സമയം രാത്രി 7.15 ന് കന്‍സസ് ഒലാതെയിലെ ബാറിലായിരുന്നു സംഭവം. വെടിവയ്പ് തടഞ്ഞ യുഎസ് പൗരനായ ഇയാന്‍ ഗ്രില്ലോട്ടിനും പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം കടന്നു കളഞ്ഞ പ്രതിയെ അഞ്ചു മണിക്കൂര്‍ നേരത്തെ തെരച്ചിലിനു ശേഷം മിസോറിയില്നിന്നും പൊലീസ് പിടികൂടി. താന്‍ രണ്ട് മധ്യേഷ്യക്കാരെ വെടിവച്ച് കൊന്നതായി ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.
ശ്രീനിവാസ് കുച്ചിബോട്ല കന്‍സാസിലെ ഒലാതെയില്‍ ഗാര്‍മിന്‍ ഹെഡ്ക്വാട്ടേഴ്സില്‍ ജിപിഎസ് സിസ്റ്റംസ് നിര്‍മ്മിക്കുന്ന കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു. 2014 ല്‍ ആണ് ശ്രീനിവാസ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ സുനയന ദുമലയും ഇവിടെ ഒരു കമ്പനിയില്‍ ജീവനക്കാരിയാണ്. സംഭവം അറിഞ്ഞയുടനെ രണ്ട് ഉദ്യോഗസ്ഥരെ കന്‍സാസിലേക്ക് അയച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. സഹപ്രവര്‍ത്തകരോടും അയല്‍വാസികളോടും ഏറെ അടുപ്പത്തിലായിരുന്നു ശ്രീനിവാസെന്നും ജോലിയോട് ഏറെ ആത്മാര്‍ത്ഥയും ഉത്തരവാദിത്ത്വവും പുലര്ത്തിയിരുന്നവെന്നും ഗാര്‍മിന്‍ മേധാവി റോഡ് ലാര്സണ് പറഞ്ഞു.
ഹൈദരാബാദ് ജവഹര്‍ലാല്‍ നെഹ്റു സാങ്കേതിക സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദധാരിയായ ശ്രീനിവാസ് യുഎസിലെ ടെക്സാസ് സര്‍വകലാശാലയില്‍ നിന്ന് ഇലക്ടോണിക് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി. കന്‍സാസിലെ സംഭവം ഞെട്ടലുളവാക്കുന്നുവെന്നും ശ്രിനീവാസിന്റെ ഹൈദരാബാദിലുള്ള അച്ഛനെയും സഹോദരനേയും ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചതായും വിദേശമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. സംഭവത്തെ അപലപിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ മേരി കേ ലോസ് കാള്‍സണും ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല