സ്വന്തം ലേഖകന്‍: ബ്രിട്ടനിലും അയര്‍ലന്‍ഡിലും സംഹാര താണ്ഡവമാടി ഡോറിസ് കൊടുങ്കാറ്റ്, കനത്ത നാശനഷ്ടങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍ താളംതെറ്റി, മൂന്നു പേര് മരിച്ചു. മണിക്കൂറില്‍ നൂറു മൈല്‍ വേഗത്തില്‍ വിശിയടിച്ച ഡോറിസ് കൊടുങ്കാറ്റില്‍ റോഡ്, വ്യോമ, റെയില്‍ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നൂറുകണക്കിനാളുകളെ തകര്‍ന്ന വീടുകളില്‍നിന്നും മാറ്റിപാര്‍പ്പിച്ചു. സമീപകാലത്ത് ബ്രിട്ടന് കണ്ട ഏറ്റവും വിനാശകാരിയായ കൊടുങ്കാറ്റാന് ഡോറിസെന്ന് കാലാവസ്ഥാ വിദഗ്ദര്‍ വിലയിരുത്തുന്നു. വിവിധ സംഭവങ്ങളിലായി ഇതുവരെ മൂന്നു അപകട മരണങ്ങള് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ചിലയിടങ്ങളില്‍ കനത്ത കാറ്റും മഴയും ശനിയാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും തൊട്ടടുത്ത വാഹനങ്ങളുമായി കൃത്യമായ അകലം പാലിച്ചു വേണം വാഹനം ഓടിയ്ക്കേണ്ടതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊടുങ്കാറ്റില്‍ അയര്‍ലന്‍ഡില്‍ ആയിരക്കണക്കിനു വീടുകളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. സ്കോട്ട്ലന്‍ഡില്‍ കാറ്റിനൊപ്പം മഞ്ഞുവീഴ്ചകൂടി ഉണ്ടായതോടെ ദുരിതം ഇരട്ടിച്ചു. പ്രധാന മോട്ടോര്‍വേകളിലെല്ലാം മണിക്കൂറുകള്‍ നീണ്ട ക്യൂ രൂപപ്പെട്ടതയാണ് റിപ്പോര്‍ട്ടുകള്‍.
വെസ്റ്റ് മിഡ് ലാന്‍സിലെ വോള്വെറാംപ്റ്റണില് തലയില്‍ തടിക്കഷണം വീണു പരുക്കേറ്റ സ്ത്രീ ഇന്നലെ മരിച്ചു. സൗത്ത് ഈസ്റ്റ് ലണ്ടനില്‍ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി അപകടത്തില്‍പെട്ട് ഡ്രൈവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പേരാണ് വിവിധ അപകടങ്ങളില്‍ പരുക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ബ്രിസ്റ്റൊളില്‍ മരം കടപുഴകിവീണു 13 വയസുള്ള ബാലനു പരുക്കേറ്റു. മില്‍ട്ടണ്‍ കെയിന്‍സില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു പരുക്കേറ്റ കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമാണ്. നാല്പതോളം കുട്ടികള്‍ ഹാളില്‍ ഉണ്ടായിരുന്നപ്പോഴാണ് മേല്‍ക്കൂര തകര്‍ന്നത്.
മിക്ക പ്രദേശങ്ങളിലും 80 കിമീറ്ററിലധികം വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്. കൂടാതെ കാറ്റു വീശുമ്പോഴുണ്ടാകുന്ന മുഴങ്ങുന്ന ശബ്ദവും ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. പ്രധാന വിമാനത്താവളങ്ങളെല്ലാം ഷെഡ്യൂളുകള്‍ പുതുക്കുകയോ റദ്ദാക്കുകയോ ചെയ്തു. ഹീത്രൂവില്‍നിന്നും 77 സര്‍വീസുകള്‍ റദ്ദാക്കി. മരങ്ങള്‍ കടപുഴകിവീണതാണ് പലയിടത്തും ട്രെയിന്‍ ഗതാഗതം താറുമാറാക്കിയത്. ഹൈവേകളിലും മരങ്ങള്‍ വഴിമുടക്കി. പലേടത്തും നീളമേറിയ ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കീഴ്മേല്‍ മറിഞ്ഞും അപകടമുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല