സ്വന്തം ലേഖകന്‍: കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ ഏഴു വിമാനത്താവളങ്ങളില്‍ ഹാന്‍ഡ് ബാഗേജില്‍ സുരക്ഷാ സ്റ്റാംപ് പതിക്കുന്നത് ഒഴിവാക്കാന്‍ തീരുമാനം. യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജില്‍ സുരക്ഷാ സ്റ്റാംപ് പതിക്കുന്നത് ഒഴിവാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ബാഗുകള്‍ എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കുമെങ്കിലും സ്റ്റാംപ് പതിക്കില്ല. കൊച്ചിക്കു പുറമേ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളിലും സ്റ്റാംപ് പതിക്കുന്ന രീതി ഒഴിവാക്കുമെന്നു മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട പരീക്ഷണ പദ്ധതി വിജയകരമായി നടപ്പാക്കിയ സാഹചര്യത്തിലാണു തീരുമാനം. സുരക്ഷാ വീഴ്ചയുണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബിസിഎഎസ് വ്യക്തമാക്കി. അതേസമയം, സ്റ്റാംപ് പതിക്കുന്നത് ഒഴിവാക്കുന്നതിനോടു വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിനു പൂര്‍ണ സമ്മതമില്ലെന്നാണു സൂചന.
വിമാനത്താവളങ്ങളില്‍ സുരക്ഷാ ഉപകരണങ്ങള്‍, സിസിടിവി ക്യാമറകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യത്തിനു സജ്ജമാക്കിയശേഷം മതി സ്റ്റാംപ് ഒഴിവാക്കലെന്നാണു സിഐഎസ്എഫിന്റെ നിലപാട്. ആവശ്യമായ നിരീക്ഷണ സമ്പ്രദായം വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനാകേന്ദ്രങ്ങളില്‍ (പ്രീ എംബാര്‍ക്കേഷന്‍ സെക്യൂരിറ്റി ചെക്ക്) ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല