സ്വന്തം ലേഖകന്‍: പിണറായി വിജയന് മമ്മൂട്ടി ഫാനെന്ന് നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍, ചുട്ട മറുപടിയുമായി പിണറായി. മുഖ്യമന്ത്രി പിണറായി വിജയന് മമ്മൂട്ടിയുടെ ആരാധകനാണെന്നും ഭരണതലത്തില്‍ മമ്മൂട്ടിയുടെ ഇടപെടലുണ്ടെന്നുമുള്ള ലിബര്‍ട്ടി ബഷീറിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ തലശേരിയില്‍ നിര്‍വഹിക്കുമ്പോഴായിരുന്നു പിണറായി ലിബര്‍ട്ടി ബഷീറിനെ കൊട്ടിയത്.
താനൊരു മഹാനടന്റെ ഫാനാണെന്ന് തലശേരിക്കാരനായ സിനിമയുമായുള്ള ബന്ധമുള്ള ഒരാള്‍ പറഞ്ഞതുകേട്ടു എന്നുപറഞ്ഞാണ് പിണറായി മറുപടി ആരംഭിച്ചത്. തന്റെ സര്‍ക്കാരിലും മമ്മൂട്ടിക്ക് സ്വാധീനമുണ്ടെന്നാണ് ആ തലശേരിക്കാരന്റെ ആരോപണമെന്നും പിണറായി പറഞ്ഞു. തലശേരിക്കാരനായിട്ടും അയാള്‍ക്ക് ഇതേവരെ തന്നെക്കുറിച്ച് ഒന്നും മനസിലാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് ബഷീറിന്റെ വാക്കുകള്‍ക്കുള്ള പിണറായിയുടെ ആദ്യ മറുപടി. അങ്ങനെ സ്വാധീനിക്കാന്‍ കഴിയുന്നയാളാണ് താനെങ്കില്‍, തലശേരിക്കാരനായ ബഷീറിനും തന്നെ സ്വാധീനിക്കാന്‍ കഴിയേണ്ടേ എന്നും പിണറായി ചോദിക്കുന്നു.
സിനിമാ മേഖലയിലെ പ്രശ്നത്തില്‍ തന്റേതായ നിര്‍ദേശം മാത്രമാണ് മുന്നോട്ടുവെച്ചത്. അതുമൂലം ബഷീറിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത് മമ്മൂട്ടിയുടെ തോളത്തിടേണ്ടെന്നും പിണറായി ഓര്‍മ്മിപ്പിക്കുന്നു. അത്തരത്തിലൊരു ചിത്രീകരണത്തിന് പുറപ്പെടേണ്ടെന്നും പിണറായി മുന്നറിയിപ്പ് നല്കുന്നു. തിയറ്റര്‍ സമരകാലത്ത് സര്‍ക്കാരില്‍ നിന്ന് തനിക്ക് നീതി ലഭിക്കാതിരിക്കാന്‍ കാരണം പിണറായി വിജയനില്‍ മമ്മൂട്ടിക്കുള്ള സ്വാധീനമാണെന്നും, ഇതിന്റെ ബലിയാടാണ് താനെന്നും ലിബര്‍ട്ടി ബഷീര്‍ മുന്‍പ് പറഞ്ഞിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടാണ് പിണറായി വിജയനെ മമ്മൂട്ടി ഫാനായി വിശേഷിപ്പിച്ച് ലിബര്‍ട്ടി ബഷീര്‍ വിശേഷിപ്പിച്ചത്.
മുഖ്യമന്ത്രി മുഖം നോക്കാതെ നടപടിയെടുത്താല്‍ ഗൂഢാലോചന തെളിയുമെന്നും, മമ്മൂട്ടിയുടെ ഇടപെല്‍ ഇല്ലെങ്കില്‍ പിണറായി വിജയന് ഇത് കഴിയുമെന്നുമായിരുന്നു ലിബര്‍ട്ടി ബഷീര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മോഹന്‍ലാല്‍ ഇത്തരം കേസുകളില്‍ അന്യായമായി ഇടപെടില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തിന് മറുപടിയുമായാണ് ഇന്ന് പിണറായി എത്തിയിരിക്കുന്നത്. എംടിക്ക് ആദരമര്‍പ്പിക്കുന്ന ചടങ്ങില്‍ കോഴിക്കോട് ഇന്ന് പിണറായിയും മമ്മൂട്ടിയും വേദി പങ്കിടാനിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല