സ്വന്തം ലേഖകന്‍:ലിബിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഇന്ത്യന്‍ ഡോക്ടറെ മോചിപ്പിച്ചു, ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഭീകരര്‍ ബന്ദിയാക്കിയ ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലക്കാരനായ ഡോ. രാമമൂര്‍ത്തി കൊസാനത്തെ മോചിപ്പിച്ചതായി മന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഡോ. രാമമൂര്‍ത്തിയുടെ മടക്കയാത്ര സുഷമ സ്വരാജ് ട്വിറ്ററില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മോചന ശ്രമത്തിനിടെ ഡോ. രാമമൂര്‍ത്തിക്ക് വെടിയേറ്റതായും മന്ത്രി വെളിപ്പെടുത്തി. അദ്ദേഹത്തെ ഉടന്‍ നാട്ടിലെത്തിക്കും.
ഇതോടെ ലിബിയയില്‍ നിന്ന് ഐ.എസ് തട്ടിക്കൊണ്ട് പോയ ആറ് ഇന്ത്യക്കാരെയും മോചിപ്പിച്ചതായും സുഷമ സ്വരാജ് വ്യക്തമാക്കി. പതിനെട്ട് മാസം മുമ്പാണ് ഡോ. രാമമൂര്‍ത്തിയെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. ലെബിന്‍ ഇ സിന ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് 2015 സെപ്റ്റംബര്‍ 8നാണ് ഡോ. രാമമൂര്‍ത്തിയേയും ഒപ്പമുള്ളവരേയും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. 1999 മുതല്‍ ലിബിയയില്‍ ജോലി ചെയ്തു വരികയായിരുന്നു ഡോ. രാമമൂര്‍ത്തി.
ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ പതനത്തിനുശേഷം ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലും മറ്റു നഗരങ്ങളിലും ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊള്ളുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2012 ജൂലൈയില്‍ ജനാധിപത്യരീതിയിലുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് നടക്കുകയും മുസ്തഫ അബു ഷഗൂര്‍ പ്രധാനമന്ത്രിയായി അധികാരമേറ്റെങ്കിലും ഒരു മാസം പോലും ഷഗൂറിനു തികച്ചു ഭരിക്കാനായില്ല. തിരഞ്ഞെടുപ്പില്‍ തോറ്റവരും അവരെ സഹായിക്കുന്ന സായുധ സംഘങ്ങളും (മിലീഷ്യ) അക്രമമാര്‍ഗത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചതായിരുന്നു കുഴപ്പങ്ങള്‍ക്കു തുടക്കം.
പരസ്പരം പോരാടുന്ന വിവിധ വിമത ഗ്രൂപ്പുകളും സര്‍ക്കാര്‍ സേനയും ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യവും ചേര്‍ന്ന് ലിബിയന്‍ നഗരങ്ങളില്‍ നരക സമാനമായ അവസ്ഥയാണെന്ന് ജനങ്ങള്‍ കൂട്ടപലായനം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇത്തരം ഭീകര സംഘടനകളുടെയും മിലീഷ്യകളുടെയും അധീനത്തിലാണ് ഇപ്പോള്‍. വെടിനിര്‍ത്തലിനായി ഒരു ശാശ്വത പരിഹാരം കണ്ടെത്താന്‍ ഇതുവരേയും സര്‍ക്കാരിന് കഴിയാത്തത് ജനജീവിതം കൂടുതല്‍ ദുരിതമാക്കിയിട്ടുണ്ട്. രാഷ്ടീയ അരാജകത്വം മുതലെടുത്താണ് ഇസ്ലാമിക് സ്റ്റേറ്റും ലിബിയന്‍ മണ്ണില്‍ വേരുപിടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല