സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ പള്‍സര്‍ സുനിയും പ്രതികളും എട്ടു ദിവസം പോലീസ് കസ്റ്റഡിയില്‍, ആക്രമികളെ നടി തിരിച്ചറിഞ്ഞു. പ്രതികളായ പള്‍സര്‍ സുനി, വിജീഷ് എന്നിവരെയാണ് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) ജോണ്‍ വര്‍ഗീസ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പത്തുദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച അന്വേഷണസംഘം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, അപേക്ഷ നല്കാന് വൈകിയതിനാല്‍ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ല ജയിലിലേക്ക് വിടുകയായിരുന്നു. ശനിയാഴ്ച അപേക്ഷ പരിഗണിച്ച കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളെ പിന്നീട് ആലുവ പൊലീസ് ക്ളബിലേക്ക് മാറ്റി ചോദ്യം ചെയ്യല്‍ തുടര്‍ന്നു.
അതിനിടെ തന്നെ ആക്രമിച്ച കേസിലെ നാല് പ്രതികളെയും നടി തിരിച്ചറിഞ്ഞു. ആലുവ സബ്ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് നടി പ്രതികളെ തിരിച്ചറിഞ്ഞത്. കേസില്‍ ആദ്യം പിടിയിലായ മാര്ട്ടിന്, സലീം, പ്രദീപ്, മണികണ്ഠന് എന്നിവരെയാണ് നടി തിരിച്ചറിഞ്ഞത്. ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. ജയിലിനുള്ളില്‍ സജ്ജീകരിച്ച പ്രത്യേക മുറിയിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. മറ്റ് തടവുകാര്‍ക്കൊപ്പം പ്രതികള്‍ നാല് പേരെയും ഇടകലര്‍ത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. തിരിച്ചറിയല്‍ പരേഡ് സംബന്ധിച്ച റിപ്പോര്‍ട്ട് കേസ് നടക്കുന്ന അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.
തിരിച്ചറിയല്‍ പരേഡിനായി പ്രത്യേക സുരക്ഷയോടെയാണ് നടിയെ കൊച്ചിയില്‍ നിന്ന് ആലുവ സബ്ജയിലില്‍ എത്തിച്ചത്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. കസ്റ്റഡിയില്‍ എടുത്തവരെ നുണ പിശോധനയ്ക്ക് വിധേയമാക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.
നടിയെ ഉപദ്രവിക്കുന്ന രംഗം പകര്‍ത്തിയ മൊബൈല്‍ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫോണിനെക്കുറിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് സുനി നല്‍കുന്നത്. ശനിയാഴ്ച്ച സുനിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പൊലീസ് കണ്ടെത്തിയെങ്കിലും ഇവ സംഭവ ദിവസം ഉപയോഗിച്ചതാകുമെന്ന് സൂചനയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല