സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികളുടെ എണ്ണം 2020 ഓടെ ഏറ്റവും കുറഞ്ഞ നിലയിലെത്തിക്കാന്‍ സൗദി, ലക്ഷ്യം സ്വദേശികള്‍ക്ക് പ്രതിവര്‍ഷം 2,20,000 തൊഴിലുകള്‍, പ്രവാസികള്‍ക്ക് വന്‍ തൊഴില്‍ നഷ്ടം. വര്‍ഷത്തില്‍ രണ്ടു ലക്ഷത്തി ഇരുപതിനായിരം സ്വദേശികള്‍ക്കു തൊഴില്‍ കണ്ടെത്തി നല്കുന്നതിനു പുതിയ പദ്ധതി നടപ്പാക്കി തൊഴില്‍ മേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറച്ച് കൊണ്ട് വരുകയും സ്വദേശികളെ വിവിധ ജോലികള്‍ക്കു യോഗ്യരാക്കുകയുമാണ് സൗദി സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി വര്‍ഷത്തില്‍ 220,000 സ്വദേശികള്‍ക്കു തൊഴില്‍ കണ്ടെത്തി നല്കുന്നതിനു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് സൗദി തൊഴില്‍ മന്ത്രി ഡോ.അലിബിന്‍ നാസിര്‍ അല്‍ ഗാഫിസ് വ്യക്തമാക്കി.
2020 ആവുമ്പോഴേക്കു തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. സ്വദേശികളായ യുവതി യുവാക്കളെ അനുയോജ്യമായ തൊഴില്‍ മേഖലയിലേക്ക് യോഗ്യരാക്കുന്നതിനു വിപുലമായ പരിശീലന പരിപാടികള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് സൗദി ചേമ്പര്‍ ഓഫ് കൊമേഴ്സ് മാനവ വിഭവ ശേഷി വിഭാഗം തലവന്‍ മന്‍സൂര്‍ അല്‍ ഷതവി പറഞ്ഞു.
വിദേശികളുടെ എണ്ണം കുറച്ച് കൊണ്ട് വരുന്നതിനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവുകള്‍ നടപ്പാക്കുന്നതിനു ശക്തമായ പരിശ്രമം നടത്തുമെന്നും മന്‍സൂര്‍ അല്‍ ഷതവി പറഞ്ഞു. എന്നാല്‍ സ്വകാര്യമേഖലയുമായി കൂടി ആലോചിച്ച് മാത്രമേ ഇത്തരം ഉത്തരവുകള്‍ ഇറക്കാറുള്ളുവെന്ന് തൊഴില്‍ മന്ത്രി വ്യക്തമാക്കി. സൗദിയുടെ നടപടി പ്രവാസികള്‍ക്ക് വന്‍ തൊഴില്‍ നഷ്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. സൗദി യുവാക്കളുടെ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച ലക്ഷ്യമാക്കി ആരംഭിക്കുന്ന പദ്ധതി വിവിധ മേഖലകളില്‍ വ്യത്യസ്തമായ രീതിയിലാണ് നടപ്പാക്കുക. ഏതാനും തൊഴിലുകളില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക, പ്രത്യേക മേഖലകളിലെ ചില ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുക, സ്വദേശി യുവാക്കള്‍ക്കുള്ള തൊഴില്‍ പരിശീലനം, സ്വദേശികളെ റിക്രൂട്ട് ചെയ്യാനുള്ള വെബ് പോര്‍ട്ടല്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി മന്ത്രാലയം ലക്ഷ്യമിടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല