സ്വന്തം ലേഖകന്‍: കുവൈറ്റില്‍ മലയാളി നഴ്സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനു പിന്നില്‍ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനെന്ന് സൂചന. ആക്രമണത്തിന് പിന്നില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായ തമിഴ്നാട് സ്വദേശിയാണെന്നും കൃത്യം നടത്തിയ ശേഷം ഇയാള്‍ നാട്ടിലേയ്ക്ക് കടന്നതായാണ് സൂചന. സാമ്പത്തിക ഇടപാടാണ് ഇതിന് പിന്നിലെന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. കോട്ടയം കൊല്ലാട് സ്വദേശിനിയും പുതുക്കളത്തില്‍ ബിജോയുടെ ഭാര്യയുമായ ഗോപിക(27)യ്ക്കാണു കഴിഞ്ഞയാഴ്ച അബ്ബാസിയയിലെ താമസസ്ഥലത്തു കുത്തേറ്റത്. ഗുരുതരമായ പരിക്കേറ്റ ഗോപിക ചികിത്സയിലാണ്.
ഗുരുതരാവസ്ഥ തരണം ചെയ്തു കഴിഞ്ഞപ്പോള്‍ പ്രതിയെക്കുറിച്ചു ഗോപിക ചില സൂചനകള്‍ നല്‍കിയെന്നും അതുപ്രകാരം കുവൈറ്റ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ബിജോ പറയുന്നു. അതിനിടെ, സംഭവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തുന്നതു വേദനാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതി മുഖം മറച്ചാണ് ആക്രമണ സമയത്ത് എത്തിയിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. തന്റെ ഭാര്യയെ ആക്രമിച്ചത് കൂടെ ജോലി ചെയ്യുന്ന പുരുഷ നഴ്സാണ് എന്ന രീതിയില്‍ ചിലര്‍ ഫേസ്ബുക്കില്‍ നല്കിയ വാര്‍ത്ത തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും ബിജോയ് പറഞ്ഞു.
ബിജോയുമായി പണമിടപാടു സംബന്ധിച്ചു തര്‍ക്കമുള്ള ഒരു തമിഴ്നാട് സ്വദേശിയാണ് ആക്രമണത്തിന്റെ പിന്നിലെന്നാണു സൂചന. ഇയാളും ബിജോയും നേരത്തെ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നതായും പറയുന്നു. ഇയാള്‍ നാട്ടിലേക്കു കടന്നതായിട്ടാണു സൂചന. അബ്ബാസിയയില്‍ ബിജോയും ഗോപികയും താമസിച്ചിരുന്ന രണ്ടാം നിലയിലെ ഫ്ളാറ്റില്‍ വച്ചാണ് ഗോപിക ആക്രമിക്കപ്പെട്ടത്. സംഭവ സമയം ബിജോ ഫ്ളാറ്റിലുണ്ടായിരുന്നില്ല. യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം സ്ഥലത്തുനിന്ന് അക്രമി ഓടി രക്ഷപ്പെട്ടു. പിന്നാലെ ഗോപിക രണ്ടാം നിലയില്‍നിന്നു ചോരവാര്‍ന്ന നിലയില്‍ താഴെയെത്തി അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു. അയല്‍ക്കാര്‍ വിവരം പോലീസ് അറിയിച്ചു.
അബ്ബാസിയയില്‍ അടുത്ത കാലത്തായി ഇന്ത്യക്കാര്‍ക്കെതിരെ നിരന്തരമായുണ്ടാകുന്ന അക്രമങ്ങളുടെ തുടര്‍ച്ചയായി ആയിരുന്നു നഴ്സ് ആക്രമിക്കപ്പെട്ട സംഭവം വിലയിരുത്തപ്പെട്ടത്. സ്വന്തം താമസ സ്ഥലത്തു യുവതി ആക്രമിക്കപ്പെട്ടത് അബ്ബാസിയയിലെ പ്രവാസി സമൂഹത്തെ മൊത്തത്തില്‍ ആശങ്കയിലാക്കിയിരുന്നു. പ്രശ്നത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇടപെടുകയും എംബസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോട്ടയം കാരാപ്പുഴ മാടയ്ക്കല്‍ കുടുംബാംഗമാണു ഗോപിക. ജഹ്റ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ ഗോപിക ഒരു വര്‍ഷം മുന്‍പ് മാത്രമാണു കുവൈറ്റിലെത്തിയത്. ഭര്‍ത്താവ് ബിജോയ് അല്‍ ബാബ്റ്റൈന്‍ ഗ്രൂപ്പ് നിസാന്‍ കുവൈറ്റ് ജീവനക്കാരനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല