സ്വന്തം ലേഖകന്‍: മയക്കുമരുന്നു കേസിലും നികുതിവെട്ടിപ്പിലും പ്രതി, ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മകന് ബ്രസീലില്‍ 13 വര്‍ഷം അഴിയെണ്ണും. പ്രൊഫഷ്ണല്‍ ഗോള്‍കീപ്പര്‍ കൂടിയായ എഡീനോ കോല്‍ബി ഡോ നാസിമെന്റോയോയാണ് മയക്കുമരുന്ന് കേസിലും കണക്കില്‍ പെടാത്ത പണം കൈവശം വെച്ച കേസിലും ബ്രസീല്‍ കോടതി ജയില്‍ ശിക്ഷക്ക് വിധിച്ചത്. 2005 ലാണ് മയക്കുമരുന്ന് കേസില്‍ ഇയാളെ ആദ്യമായി പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2014 ല്‍ 33 വര്‍ഷം തടവിന് വിധിച്ച എഡിനോയുടെ ശിക്ഷാ കാലയളവ് പിന്നീട് 12 വര്‍ഷവും 10 മാസവുമായി ചുരുക്കുകയായിരുന്നു.
എന്നാല്‍ തനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം എഡീനോ നിഷേധിച്ചു. സാന്റോസിലെ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ എഡീനോയെ പിന്നീട് ജയിലിലേക്ക് മാറ്റി. തനിയ്ക്കെതിരെ ഒരു തെളിവുപോലും ഇല്ലാതെയാണ് കോടതിയുടെ നടപടിയെന്ന് എഡീനോ ആരോപിക്കുന്നു. മയക്കുമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും താന്‍ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും എഡീനോ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ മയക്കുമരുന്നും ഉപയോഗിക്കാറില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.
എഡീനോ നല്കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു കോടതി വിധിയില്‍ ഇളവ് ലഭിച്ചത്. സാന്റിയാഗോ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിയ എഡീനോ കള്ളപ്പണം വെളുപ്പിക്കാനായി അച്ഛന്റെ പേര് പ്രയോജനപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 1990 വരെ ബ്രസീല്‍ ക്ലബ്ബ് സാന്റോസില്‍ ഗോള്‍കീപ്പറായിരുന്ന എഡീനോ പിന്നീട് അവിടെത്തന്നെ ഗോള്‍കീപ്പിങ് പരിശീലകനായി സേവനമനുഷ്ഠിക്കുകയായിരുന്നു. പെലെയുടെ ആദ്യ വിവാഹത്തിലെ മൂന്നാമത്തെ മകനാണ് എഡിനോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല