സ്വന്തം ലേഖകന്‍: കണ്ണൂരില്‍ 16 കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റില്‍, വികാരിയെ പുറത്താക്കിയെന്ന് രൂപത. കണ്ണൂര്‍ നീണ്ടുനോക്കിയില്‍ പളളിവികാരിയായ റോബിന് വടക്കുംചേരി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി. വികാരിയുടെ പീഡനത്തെ തുടര്‍ന്ന് പതിനാറു വയസുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും രണ്ടുമാസം മുന്‍പ് പ്രസവിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ചൈല്‍ഡ് ലൈന്‍ ലഭിച്ച അജ്ഞാത കോളില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഫോണ്‍ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ മാത്രമാണ് വൈദികന്റെ പേര് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ റോബിന് ഒളിവില്‍ പോയെങ്കിലും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പീഡനത്തില്‍ പ്രതിയായ ഫാദര്‍ റോബിന് വടക്കുംചേരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെ വൈദികനെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത രംഗത്തെത്തിയിട്ടുണ്ട്. വൈദികനെ വികാരി സ്ഥാനത്തുനിന്നും പുറത്താക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. സഭാതലത്തില്‍ നടപടി എടുക്കാന്‍ അന്വേഷണം തുടങ്ങി. കൂടാതെ സഭാപരമായ കര്‍മ്മങ്ങള്‍ ചെയ്യാനുളള മുഴുവന്‍ അവകാശങ്ങളും ഇദ്ദേഹത്തില്‍ നിന്നും വിലക്കിയതായും മാനന്തവാടി രൂപത വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല