സ്വന്തം ലേഖകന്‍: ‘സ്വര്‍ഗത്തിലെത്തുന്ന ഞാന്‍ 72 കന്യകമാരെ വിവാഹം കഴിക്കും,’ 15 കാരനായ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ അവസാനമായി കുടുംബാംഗങ്ങള്‍ക്ക് അയച്ച കത്ത് പുറത്ത്. പതിനഞ്ചുകാരനായ അല അബ്ദ് അല്‍ അക്കീദ് ഇറാഖ് സൈന്യത്തിനെതിരെ ചാവേര്‍ സ്‌ഫോടനം നടത്താന്‍ പോകുന്നതിന് തൊട്ടുമുമ്പ് അക്കീദ് എഴുതിയ കത്താണിതെന്ന് കരുതപ്പെട്ടുന്നു. അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സാണ് കത്ത് പുറത്തുവിട്ടത്.
തന്നെ വിവാഹം കഴിച്ചയക്കണമെന്ന് നിങ്ങളോടാവശ്യപ്പെട്ടെങ്കിലും നിങ്ങളത് കേട്ടില്ല. കാരുണ്യവാനായ അല്ലാഹുവിന്റെ കൃപയാല്‍ സ്വര്‍ഗത്തിലെത്തുന്ന താന്‍ 72 കന്യകമാരെ വിവാഹം കഴിക്കുമെന്ന് അക്കീദ് കത്തില്‍ പറയുന്നു. മൊസൂളിലെ ഐഎസ് പരിശീലന ക്യാമ്പില്‍ ഇറാഖ് സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കത്ത് കണ്ടെത്തിയത്. പടിഞ്ഞാറന്‍ മൊസൂളിലുള്ളവരാണ് അക്കീദിന്റെ മാതാപിതാക്കള്‍. കത്തിലെ മേല്‍വിലാസത്തില്‍ നിന്നുമാണ് സൈന്യത്തിന് ഇക്കാര്യം വ്യക്തമായത്.
അക്കീദിന്റെ കൂടാതെ മറ്റ് ഐഎസ് ചാവേറുകളുടേയും കത്ത് സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും ലഭിച്ച മറ്റൊരു രേഖയില്‍ ഐഎസ് സംഘടനയില്‍ പുതിയതായി ചേര്‍ന്ന 50 ഓളം പേരില്‍ അധികവും കുട്ടികളാണ് എന്നുള്ളതാണ്. ഐഎസ് ഭീകരര്‍ ചാവേറുകളായി അധികവും ഉപയോഗിക്കുന്നത് കുട്ടികളേയാണ്. കുട്ടികള്‍ പരിശീലനം നടത്തുന്നതിന്റേയും കൊലപാതകം നടത്തുന്നതിന്റേയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാഖി സൈന്യത്തിന്റെ കണ്ണുവെട്ടിക്കാന്‍ എളുപ്പമാണ് എന്നതാണ് കുട്ടികളെ ചാവേറുകളാക്കുന്നതിന് പിന്നിലെ ഒരു കാരണം.
കത്തില്‍ പറയുന്നതുപോലെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് കുട്ടികളെ ഭീകരര്‍ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നത്. നിരവധി പെണ്‍കുട്ടികളെയും ഇത്തരത്തില്‍ കെണിയിലാക്കി ഐഎസ് ചാവേറുകള്‍ ആക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല