സ്വന്തം ലേഖകന്‍: ‘കോട്ട് നന്നായിരിക്കുന്നു, താങ്കള്‍ ഏതു മണ്ഡലത്തിലെ എംപിയാണ്?’ എലിസബത്ത് രാജ്ഞിയുടെ ശ്രദ്ധ പിടിച്ചുപറ്റി സുരേഷ് ഗോപിയുടെ കോട്ട്. ലണ്ടനില്‍ ഇന്ത്യ യുകെയുടെ സാംസ്കാരിക വാര്‍ഷികാചരണ ചടങ്ങിന് എത്തിയപ്പോഴാണ് താരത്തിന്റെ കോട്ട് രാജ്ഞിയുടെ കണ്ണില്‍പ്പെട്ടത്. ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം പാലസില്‍ നടന്ന ചടങ്ങില്‍ സുരേഷ് ഗോപിക്കൊപ്പം കമലഹാസനും എലിസബത്ത് രാജ്ഞിയുമായി പ്രത്യേകം കൂടിക്കാഴ്ചയ്ക്കുള്ള അവസരം ലഭിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തിലെ താരങ്ങളായ അംഗങ്ങളായാണ് ഇരുവരും എത്തിയത്.
ഇരുവരുമായും ഏതാനും മിനിറ്റ് സംസാരിച്ച രാജ്ഞി, താന്‍ അണിഞ്ഞിരുന്ന കാവി കോട്ട് ”നന്നായിരിക്കുന്നു” എന്ന് തുറന്ന് പറഞ്ഞതായി കൂടിക്കാഴ്ചയെക്കുറിച്ച് സുരേഷ് ഗോപി വ്യക്തമാക്കി. ജീവിതത്തിലെ അസുലഭമായ നിമിഷങ്ങളിലൊന്നായിരുന്നു എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച. പാര്ലമെന്റംഗംകൂടിയാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ ഏതു മണ്ഡലത്തെയാണ് പ്രതികരിക്കുന്നതെന്ന് ചോദിച്ചു. അപ്പോള്‍ സിനിമാനടനെന്ന പരിഗണനയില്‍ പ്രധാനമന്ത്രിയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതാണെന്ന് വിശദീകരിച്ചു. ”സെനറ്റംഗമാണല്ലേ” എന്നായിരുന്നു അപ്പോഴത്തെ പ്രതികരണം.
പിന്നീട് എല്ലാവരോടൊമൊപ്പം വിരുന്നുസല്‍ക്കാരത്തിനിടെ കണ്ടപ്പോള്‍ അല്പം മുമ്പുകണ്ട പരിചയം ഓര്‍ത്തെടുത്ത് വീണ്ടും സംസാരിച്ചതായും കൂടിക്കാഴ്ചയെക്കുറിച്ച് സുരേഷ് ഗോപി വിശദീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും വിവിധ മേഖലകളിലുള്ള സഹകരണവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റ എഴുപതാം വാര്‍ഷികമായ 2017 ഇന്ത്യ യുകെ സാംസ്കാരിക വര്‍ഷമായി ആഘോഷിക്കുന്നത്. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷങ്ങളാണ് സാംസ്കാരിക ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല