സ്വന്തം ലേഖകന്‍: മകനാണെന്ന ദമ്പതികളുടെ അവകാശവാദം, നടന് ധനുഷ് കോടതിയിലെത്തി തെളിവുനല്കി. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ നല്കിയ പരാതിയിന്മേല് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുന്നില്‍ നേരിട്ടെത്തിയാണ് താരം അടയാള പരിശോധനയ്ക്ക് വിധേയനായത്. അമ്മ വിജയലക്ഷ്മിക്ക് ഒപ്പമാണ് ധനുഷ് കോടതിയില്‍ എത്തിയത്. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന് മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദമുന്നയിച്ച് രംഗത്ത് വന്നത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ട് പോയതാണെന്നുമാണ് ദമ്പതികളുടെ അവകാശവാദം.
ധനുഷ് തങ്ങളുടെ മകനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഉണ്ടെന്നാണ് ദമ്പതികള്‍ പറഞ്ഞിരുന്നത്. ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനും തയാറാണെന്നാണ് ദന്പതികള്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. അവകാശവാദം തെളിയിക്കാനായി കോടതി യഥാര്‍ഥ സ്കൂള്‍ രേഖകള്‍ ഹാജരാക്കാന്‍ ദമ്പതികളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ദമ്പതികളുടെ പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് ധനുഷ് കോടതിയില്‍ മറ്റൊരു പരാതി സമര്‍പ്പിച്ചിട്ടുണ്ട്. കോടതി നിര്‍ദേശമനുസരിച്ച് കഴിഞ്ഞ ദിവസം ഇരു കൂട്ടരും സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സമര്‍പ്പിച്ചിരുന്നു.
ദമ്പതികള്‍ സമര്‍പ്പിച്ച രേഖയിലെ അടയാളങ്ങളും ധനുഷിന്റേതും ഒത്തു നോക്കാനായാണ് കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞത്. രജിസ്ട്രാറുടെ ചേംബറിലാണ് ശരീര പരിശോധന നടന്നത്. കേസ് മാര്‍ച്ച് രണ്ടിലേക്ക് അന്തിമ വാദം കേള്‍ക്കലിനായി മാറ്റി. ശരീരത്തിലെ അടയാളങ്ങള്‍ പരിശോധിച്ചതിന് ശേഷം ഡോക്ടറുടെ സ്ഥിരീകരണത്തിനായി വിട്ടിരിക്കുകയാണ്.
സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന് പുറമെ മറ്റു ചില രേഖകളും ധനുഷിന്റെ അഭിഭാഷകന് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ധനുഷിന്റെ ആദ്യ സിനിമ തുള്ളുവതോ ഇളമൈ പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട രേഖകളും ഇതില്‍പ്പെടും. 2002 മെയ് ആറിനാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ദമ്പതികളുടെ വാദത്തില്‍ പറയുന്നത്, ധനുഷ് 2002 ജൂണിലാണ് എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തത് എന്നാണ്. ശിവഗംഗ സ്കൂളില്‍ 11 ആം ക്ലാസില്‍ ചേര്‍ന്ന ഉടനെ ആയിരുന്നു ഇതെന്നും ദമ്പതികള്‍ വാദിക്കുന്നു. എന്നാല്‍ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് സിനിമയുമായി ബന്ധപ്പെട്ട തെളിവുകള്‍.
കലൈയരശന്‍ എന്നാണ് ധനുഷിന്റെ പേരെന്ന് വൃദ്ധ ദമ്പതികള്‍ പറയുന്നു. നടന് പട്ടിക ജാതിക്കാരനാണെന്നാണ് ദമ്പതികളുടെ രേഖകളില്‍ വ്യക്തമാക്കുന്നത്. ഒളിച്ചോടി ധനുഷ് ചെന്നൈയില്‍ പോവുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. ഇവര്‍ സമര്‍പ്പിച്ച ധനുഷിന്റെ ടിസിയില്‍ തിരിച്ചറിയല്‍ രേഖ ഉണ്ട്. സംവിധായകന് കസ്തൂരിരാജയും വിജയലക്ഷ്മിയുമാണ് ധനുഷിന്റെ മാതാപിതാക്കള്‍. ഈ വാദം വൃദ്ധ ദമ്പതികള്‍ നിരാകരിക്കുന്നു. ധനുഷ് പ്രതിമാസം 65000 രൂപ തങ്ങള്‍ക്ക് ചെലവിന് തരണമെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല