സ്വന്തം ലേഖകന്‍: കുവൈറ്റില്‍ നൂറിലേറെ മലയാളി നഴ്‌സുമാരെ കരാര്‍ കമ്പനി നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടു, മലയാളി യുവതികള്‍ കടുത്ത പ്രതിസന്ധിയില്‍. ഫര്‍വാനിയ ആശുപത്രിയില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാരെയാണ് കരാര്‍ കമ്പനി അപ്രതീക്ഷിതമായി പിരിച്ചുവിട്ടുതായി ഇന്ത്യന്‍ എംബസിയില്‍ പരാതി ലഭിച്ചത്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയില്‍ അഞ്ചു വര്‍ഷമായി ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിട്ടത്.
അഞ്ച് വര്‍ഷം മുമ്പ് മൂന്നു വര്‍ഷത്തെ കരാറില്‍ കുവൈത്തില്‍ എത്തിയ നഴ്‌സുമാര്‍ക്ക് പിന്നീട് ഓരോ വര്‍ഷത്തേക്കായി രണ്ടു തവണ കരാര്‍ പുതുക്കിനല്‍കുകയായിരുന്നു. വീണ്ടും പുതുക്കി നല്‍കുമെന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴാണ് ഞായറാഴ്ച കമ്പനി ഇവരെ പിരിച്ച് വിടുന്നതായി അറിയിച്ചത്. കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ കമ്പനിക്കെതിരെ നടപടി സാധ്യമല്ലെന്നാണ് വിവരം. പെട്ടെന്ന് ജോലി നഷ്ടമായത് കനത്ത പ്രതിസന്ധിയിലാക്കി എന്നാണ് നഴ്‌സുമാരുടെ പരാതി. ഓഗസ്റ്റ് വരെ വീസാ കാലാവധിയുണ്ടെങ്കിലും റിലീസ് നല്‍കാനും കമ്പനി തയാറാകുന്നില്ലെന്ന് അവര്‍ പരാതിപ്പെടുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി നഴ്‌സുമാര്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. പതിവുപോലെ ഓരോ വര്‍ഷത്തേയ്ക്കായി കരാര്‍ പുതുക്കി നല്‍കുമെന്ന പ്രതീക്ഷയിലിരിക്കെ എത്രയും വേഗം നാട്ടില്‍ പോകാന്‍ തയ്യാറായിക്കൊള്ളാനുള്ള കരാര്‍ കമ്പനിയുടെ അറിയിപ്പ് ലഭിച്ചത് മിക്കവരേയും കടുത്ത പ്രതിസന്ധിയിലേക്കും അനിശ്ചിതത്വത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ്. ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് ജോലി പോയത് കനത്ത പ്രതിസന്ധിയിലാക്കിയെന്ന് നഴ്‌സുമാര്‍ പറയുന്നു.
പിരിച്ചു വിട്ടവരില്‍ പലരും കുവൈറ്റില്‍ കുടുംബസമേതം കഴിഞ്ഞു വന്നിരുന്നവരാണ്. പുതിയ ജോലി കണ്ടെത്തുന്നതും കുട്ടികളുടെ പഠന മാറ്റവും അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വലയുകയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുവൈറ്റിലെത്തിയ ഈ നഴ്‌സുമാര്‍. എംബസി ഇടപെട്ട് തങ്ങളുടെ പ്രതിസന്ധി പരിഹരിക്കുമെന്നുള്ള പ്രതീക്ഷയില്‍ കാത്തിരിപ്പാണ് ഇവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല