സ്വന്തം ലേഖകന്‍: യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ഉയര്‍ന്ന പ്രഫഷനലുകള്‍ക്ക് പ്രവേശനം അനുവദിക്കും, കുടിയേറ്റ നയം മയപ്പെടുത്തി ട്രംപ്, മുസ്ലീം യാത്രാ വിലക്കില്‍ ഇറാഖികള്‍ക്ക് ഇളവ്. ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരത്തിലുള്ള കുടിയേറ്റനയമാണ് പിന്തുടരുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അധികാരമേറ്റെടുത്ത ശേഷം ആദ്യമായി യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്.
പ്രസംഗത്തിനിടെ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കനെ അനുസ്മരിച്ച ട്രംപ് അദ്ദേഹത്തിന്റെ വാക്കുകള്‍ ഈ കാലഘട്ടത്തില്‍ ഏറ്റവും അനുയോജ്യമാണെന്നും പറഞ്ഞു. കഴിവുകെട്ട കുടിയേറ്റക്കാരെ ഒഴിവാക്കി ലക്ഷക്കണക്കിന് തൊഴിലുകള്‍ അമേരിക്കക്കാര്‍ക്കു തിരിച്ചു നല്‍കും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് എച്ച്വണ് ബി വിസ പ്രകാരം ഇന്ത്യന്‍ ഐ.ടി പ്രഫഷനലുകളാണ് കൂടുതലും യു.എസിലത്തെുന്നത്. എച്ച്വണ് ബി വിസ പരിഷ്കരിക്കുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. കന്‍സാസില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ട സംഭവത്തെ അപലപച്ച ട്രംപ് കന്‍സാസ് സംഭവവും ജൂതന്മാര്ക്ക് എതിരായ അക്രമങ്ങളും ഉള്‍പ്പെടെ വിദ്വേഷത്തിന്റെ എല്ലാ രൂപത്തേയും തങ്ങള്‍ തള്ളിക്കളയുന്നതായി പ്രസ്താവിച്ചു.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ റദ്ദാക്കിയത് കുറഞ്ഞ ചെലവില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാണെന്ന് ഓര്‍മ്മിപ്പിച്ച ട്രംപ് അമേരിക്കക്കാര്‍ക്കു ജോലിയില്ലാതാക്കുന്ന കരാറുകളില്‍നിന്ന് പിന്മാറുമെന്ന ഉറപ്പ് ആവര്‍ത്തിച്ചു. അമേരിക്കന്‍ സമ്പദ്വ്യവസ്ഥ കെട്ടുറപ്പില്ലാത്തതാണെന്നും ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ട്രംപ് സൂചിപ്പിച്ചു. 4.3 കോടി ആളുകള്‍ ഇപ്പോഴും ദാരിദ്ര്യമനുഭവിക്കുന്നുണ്ട്. 9.4 അമേരിക്കക്കാര്‍ തൊഴില്‍രഹിതരാണ്. കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് കടബാധ്യതകള്‍ ഇരട്ടിയായി.
അമേരിക്ക തീവ്രവാദികളുടെ അഭയകേന്ദ്രമായി മാറാന്‍ അനുവദിക്കില്ലെന്ന് കുടിയേറ്റനയങ്ങളെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഒന്നിച്ചു പോരാടണമെന്നും മുസ്ലിം രാജ്യങ്ങളുള്‍പ്പെടെയുള്ള സഖ്യരാജ്യങ്ങളോട് ട്രംപ് ആഹ്വാനം ചെയ്തു. നമ്മുടെ പൗരന്മാരുടെ സുരക്ഷിതത്വം പ്രധാനമാണ്. തീവ്രവാദത്തില്‍നിന്ന് അമേരിക്കയെ സുരക്ഷിതമാക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിയിരിക്കുന്നു. സെപ്റ്റംബര്‍ 11നു നടന്ന ഭീകരാക്രമണം നടത്തിയത് മറ്റ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലത്തെിയ ഭീകരരാണ്. ബൂസ്റ്റണ്‍, സാന്‍ ബെര്‍ണാഡിനോ തുടങ്ങിയ ആക്രമണങ്ങളിലെ പ്രതികളും ഇതരരാജ്യത്തുനിന്നുള്ളവര് തന്നെയാണെന്നും ട്രംപ് ഓര്‍മിപ്പിച്ചു.
അതോടൊപ്പം യു.എസ് വിസാ നിരോധനം ഏര്‍പെടുത്തിയിരിക്കുന്ന ഏഴു മുസ്ലിം രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇറാഖിനെ നീക്കം ചെയ്തുകൊണ്ട് പുതിയ ഇമിഗ്രേഷന്‍ ഉത്തരവിറങ്ങി. പേര് വെളിപ്പെടുത്താത്ത അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പെന്റഗണിന്റെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും സമ്മര്‍ദമാണ് തീരുമാനത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐ.എസിനെതിരായ പോരാട്ടത്തില്‍ മുഖ്യപങ്കു വഹിക്കുന്ന ഇറാഖിനെ വിസാ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് വൈറ്റ് ഹൗസിനോട് പ്രതിരോധ വിഭാഗം ആവശ്യപ്പെടുകയായിരുന്നു.
ഇറാഖ്, സിറിയ, ഇറാന്, ലിബിയ, സോമാലിയ, സുഡാന്, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര് അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി ജനുവരി 27നാണ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവ് യു.എസ് ഫെഡറല്‍ കോടതി റദ്ദാക്കിയിരുന്നു. ലോകമൊട്ടാകെ വിലക്കിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതും മാറ്റി ചിന്തിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതായാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല