സ്വന്തം ലേഖകന്‍: ഭീകരരോട് പിന്മാറാന് ആഹ്വാനം ചെയ്ത് ഐഎസ് തലവന്‍ അല്‍ ബാഗ്ദാദി, ഇറാക്കിലെ പടിഞ്ഞാറന്‍ മൊസൂള്‍ പട്ടണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ തരിപ്പണമാക്കി ഇറാഖി സേനയുടെ മുന്നേറ്റം. വെസ്റ്റ് മൊസൂള്‍ പട്ടണം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തില്‍ ഇറാഖി സേനയോട് പരാജയപ്പെട്ടുവെന്ന് തുറന്നു സമ്മതിച്ച ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദി കലിഫ് എന്ന് സ്വയം വിശേഷിപ്പിച്ച് നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഭീകരര്‍ക്കുള്ള പിന്മാറ്റ ആഹ്വാനം നല്‍കിയത്. അറബികള്‍ അല്ലാത്താ പോരാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവുകയോ ചാവേറുകളായി സ്വയം സമര്‍പ്പിക്കുകയോ ചെയ്യാമെന്നും ബാഗ്ദാദി സന്ദേശത്തില്‍ വ്യക്തമാക്കി.
ഇറാഖി ടിവി നെറ്റ്വര്‍ക്ക് അല്‍സുമാരിയ, അല്‍ അറബിയാണ് ബാഗ്ദാദിയുടെ പ്രസ്താവന പുറത്തുവിട്ടത്. ചൊവ്വാഴ്ചയാണ് ബാഗ്ദാദി ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രഭാഷകര്‍ക്കും പുരോഹിതര്‍ക്കും തന്റെ സന്ദേശം അയച്ചത്. മൊസൂളിന്റെ അവശേഷിക്കുന്ന ഭാഗവും പിടിച്ചടക്കാന്‍ ഇറാഖി സേന കടുത്ത പോരാട്ടമാണ് നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ ഏറ്റവും വലിയ ശക്തികേന്ദ്രവും ആസ്ഥാനവുമായ മൊസൂള്‍ കൂടി കൈവിട്ടതോടെ ഇറാഖില്‍ പിടിച്ചുനില്ക്കാന് കഴിയില്ലെന്ന് ബാഗ്ദാദിക്ക് ബോധ്യപ്പെടുകയായിരുന്നു.
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിലുള്ള അവസാനത്തെ പ്രധാന നഗരമാണ് മൊസൂള്‍. നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് ശക്തമായ മുന്നേറ്റമാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ജില്ലകളില്‍ രാവിലെ സ്ഫോടനങ്ങളും വെടിവെപ്പും മുഴക്കിക്കൊണ്ട് രൂക്ഷമായ പോരാട്ടം നടന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഭീകരവിരുദ്ധസേനയുടെ ശക്തമായ ആക്രമണമാണ് ഐഎസിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുതിര്‍ന്ന ഇറാഖി സൈനിക ഓഫീസര്‍ പറഞ്ഞു. യുഎസ് പരിശീലനം ലഭിച്ച പട്ടാളക്കാരെ നേരിടാന്‍ ഭീകരര്‍ മാറ്റിപാര്‍പ്പിച്ച കുടുംബങ്ങളോടൊപ്പം ഒളിഞ്ഞിരിക്കുന്നതായും വിവരമുണ്ട്.
ഒരു ലക്ഷത്തോളം വരുന്ന ഇറാഖി സൈന്യത്തേയും കുര്‍ദിഷ് പോരാളികളേയും ഇറാന് പിന്തുണയുള്ള ഷിയ സേനാവിഭാഗങ്ങളുമായാണ് ഐഎസിന് ഒരേ സമയം ഏറ്റുമുട്ടേണ്ടി വരുന്നത്. കാര്‍ ഉപയോഗിച്ചുള്ള ചാവേര്‍ സ്ഫോടനങ്ങളും ബൂബി ട്രാപ് എന്ന് വിളിക്കപ്പെടുന്ന കെണികളും സ്നൈപ്പര്‍മാരെയും ഉപയോഗിച്ചാണ് ഇത്രയും കാലം ഭീകരര്‍ പിടിച്ചുനിന്നത്. ഐ.എസില്‍ നിന്ന് വെസ്റ്റ് മൊസൂള്‍ പിടിച്ചെടുക്കാനുള്ള അന്തിമ പോരാട്ടം സൈന്യം തുടങ്ങിയത് കഴിഞ്ഞ മാസം 19 നാണ്. ജനുവരിയിലാണ് മൊസൂളിന്റെ കിഴക്ന്‍ പ്രദേശങ്ങള്‍ സൈന്യം തിരിച്ചുപിടിച്ചത്. 2014ല്‍ മൊസൂളിലെ പുരാതനവും പ്രധാനപ്പെട്ടതുമായ നൂറി മോസ്കില്‍ വെച്ചാണ് ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി ഖലീഫാ ഭരണം പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല