സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ തുടരുന്ന യൂറോപ്യന്‍ യൂനിയന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണം, ബ്രെക്‌സിറ്റ് ബില്ലിന് ഹൗസ് ഓഫ് ലോഡ്‌സിന്റെ ചുവപ്പുകൊടി, തെരേസ മേയ്ക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും തിരിച്ചടി. ബ്രെക്‌സിറ്റ് ബില്ല് പാര്‍ലമെന്റിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോഡ്‌സില്‍ 256നെതിരെ 358 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. മാര്‍ച്ച് അവസാനത്തോടെ ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാനിരുന്ന പ്രധാനമന്ത്രി തെരേസ മേയ്ക്ക് കനത്തി തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
വോട്ടെടുപ്പില്‍ മേയ്യുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കു മേല്‍ക്കൈ നേടാനായില്ല. ബ്രിട്ടനില്‍ തുടരുന്ന ഇ.യു പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ 50 ആം അനുച്ഛേദം നടപ്പാക്കി മൂന്നു മാസത്തിനകം നടപടിയെടുക്കണമെന്ന് നിര്‍ദേശിക്കുന്നതാണ് ബില്ല്. അതായത് ബ്രെക്‌സിറ്റിനു ശേഷവും ഇ.യു പൗരന്മാര്‍ക്ക് പഴയതുപോലെ ബ്രിട്ടനില്‍ തുടരാന്‍ സൗകര്യമൊരുക്കുന്ന ഭേദഗതി പരാജയപ്പെടുത്താല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.
പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ മാത്രമേ നടപടിക്രമങ്ങള്‍ ആരംഭിക്കാവൂ എന്ന കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. അധോസഭയില്‍ ബില്‍ നേരത്തെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.ഇനി ഭേദഗതി പാര്‍ലമെന്റിലെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ ബില്‍ വോട്ടിനിടുമെന്നതിലാണ് പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല