സ്വന്തം ലേഖകന്‍: നടിയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ ദിലീപിനെ സംശയമുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്ന് സംവിധായകന്‍ കമല്‍, തട്ടിക്കൊണ്ടുപോകലില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയം. കേസില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം. ചില മാധ്യമങ്ങള്‍ ടാര്‍ജറ്റ് ചെയ്‌തെന്ന് തോന്നിയപ്പോഴാണ് താന്‍ നേരത്തെ ദിലീപിനെ പിന്തുണച്ചതെന്നും ‘മീഡിയാ വണ്‍’ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആര്‍ക്കെതിരെയും ഏത് തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടെങ്കിലും അന്വേഷിക്കണം. സിനിമയില്‍ ക്രിമിനലുകള്‍ കടന്നുകയറിയിട്ടുണ്ടെന്ന് താനാണ് ആദ്യം പറഞ്ഞത്. അപ്പോള്‍ ആ രീതിയില്‍ ഒരു ഗൂഢാലോചന നടിക്കെതിരായ അക്രമത്തില്‍ ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കമല്‍ കൂട്ടിചേര്‍ത്തു. ആദ്യഘട്ടത്തില്‍ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള നിലപാടാണ് കമല്‍ സ്വീകരിച്ചിരുന്നത്. നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന ‘അമ്മ’ യുടെ നിലപാടിനെതിരെയും കമല്‍ വിമര്‍ശിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ നിലപാട് ജനാധിപത്യ വിരുദ്ധവും സ്ത്രീ വുരുദ്ധവുമാണ്. ഇരയ്ക്ക് നീതി ഉറപ്പാക്കാനുള്ള പ്രതിഷേധ കൂട്ടായ്മകളെ പിന്തുണയ്ക്കുമെന്നും സ്ത്രീ വിരുദ്ധ സിനിമയില്‍ അഭിനയിക്കില്ലെന്ന നടന്‍ പൃഥിരാജിന്റെ നിലപാട് സൂപ്പര്‍താരങ്ങള്‍ മാതൃകയാക്കണമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന നടന്‍ പൃഥ്വിരാജിന്റെ നിലപാട് പ്രംശസനീയമാണ്. നിലപാടുകള്‍ എടുക്കാനും അഭിപ്രായങ്ങള്‍ തുറന്നുപറയാനും ധൈര്യം കാണിച്ചിട്ടുള്ള ഒരു നടന്‍ ഈ കാലഘട്ടത്തിലുണ്ടെങ്കില്‍ അത് പൃഥ്വിരാജാണ്. മുന്‍കാലങ്ങള്‍ തിലകനെ പോലുള്ളവര്‍ കാര്യങ്ങള്‍ വെട്ടിതുറന്നു പറഞ്ഞിട്ടുണ്ട്. പൃഥ്വിയെ സൂപ്പര്‍ താരങ്ങളടക്കം എല്ലാ അഭിനേതാക്കള്‍ക്കും മാതൃകയാകണം. മൗനം ഫാസിസമാണമെന്നും കമല്‍ തുറന്നടിച്ചു.
നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദിലീപിനെ ആലുവയിലെ വസതിയിലെത്തി പൊലീസ് ചോദ്യം ചെയ്തു എന്നും വ്യാജ വാര്‍ത്ത പ്രചരിച്ചു. തുടര്‍ന്ന് വാര്‍ത്തകള്‍ നിഷേധിച്ച് ദിലീപ് രംഗത്തെത്തുകയായിരുന്നു. ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് പോലീസ് മേധാവികളും വ്യക്തമാക്കി. സംഭവത്തില്‍ തനിക്ക് നേരെ നടക്കുന്ന മാധ്യമ വിചാരണയ്‌ക്കെതിരെ ദിലീപ് ഡിജിപിയ്ക്ക് പരാതിയും നല്‍കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല