സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അകത്തും പുറത്തും ക്യാമറകള്‍ സ്ഥാപിയ്ക്കാന്‍ ആലോചന നടക്കുന്നു. നിലവറകളിലും ക്യാമറകള്‍ സ്ഥാപിച്ചേയ്ക്കും ഒപ്പം കവാടങ്ങളില്‍ മെറ്റഡല് ഡിറ്റക്ടറും സ്കാനിങ് യന്ത്രവും സ്ഥാപിയ്ക്കാനും തീരുമാനമായിട്ടുണ്ട്.
നിധിശേഖരം ഉള്‍ക്കൊള്ളുന്ന നിലവറകളും ഇനി തുറക്കാനുള്ള ബി നിലവറയും സ്ഥിതിചെയ്യുന്നതിനടുത്തായി മൂവ്മെന്റ് സെന്‍സറും ലേസര്‍ സെന്‍സറും സ്ഥാപിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സായുധ പൊലീസുകാരുടെ എണ്ണം ഇനികൂട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പകരം സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കും. ഇതിനായി സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയത് ഇത്തരം ആധുനിക ഉപകരങ്ങള്‍ വാങ്ങാന്‍ സഹയാകമാകും.
ഇപ്പോള്‍ സായുധ പൊലീസുകാരും പ്രത്യേക പരിശീലനം നേടിയ കമാന്‍ഡോകളും അടക്കം 160 പൊലീസുകാരെയാണു ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഇവര്‍ സദാസമയവും ക്ഷേത്രവും ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ത്രിതല സുരക്ഷാസംവിധാനമാണ് ഇപ്പോഴത്തേത്.
ക്ഷേത്രത്തിനു ചുറ്റും പത്തു സ്ഥലങ്ങളിലായാണു സായുധ പൊലീസുകാരെ നിര്‍ത്തിയിരിക്കുന്നത്. ക്ഷേത്രത്തിനകത്ത് ഒന്‍പതു കേന്ദ്രങ്ങളില്‍ സായുധ പൊലീസിന്റെ സാന്നിധ്യമുണ്ട്. ഇതിനു പുറമെ ബൈക്ക് പട്രോളിങ്ങും ജീപ്പ് പട്രോളിങ്ങും നടത്തുന്നുണ്ട്. ആറു പേര് ചുറ്റും നടന്നും ക്ഷേത്രം നിരീക്ഷിക്കും.
ഇതുകൂടാതെ ക്ഷേത്രസന്ദര്ശനത്തിനെത്തുന്നവര് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും മഫ്തിയിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളും ബാഗേജുകളും വിശദമായി പരിശോധിക്കുന്നുണ്ട്. സ്ത്രീകളുടെ ദേഹപരിശോധനയ്ക്കായി വനിതാ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല