സ്വന്തം ലേഖകന്‍: 16 കാരിയെ വൈദികന് പീഡിപ്പിച്ച സംഭവം, കുറ്റം മറച്ചുവെക്കാന്‍ സഹായിച്ച 2 ഡോക്ടര്‍മാര്‍ക്കും 2 കന്യാസ്ത്രീകള്‍ക്കും എതിരെയും കേസ്. പ്രസവം നടന്ന കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിക്കെതിരെയും വൈത്തിരി അനാഥാലയത്തിനെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. പ്രസവത്തിന് സഹായം ചെയ്ത കൊട്ടിയൂര്‍ സ്വദേശിനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.
കൂടാതെ, വയനാട് ജില്ലാ ശിശുക്ഷേമ സമിതി ചെയര്മാന് ഫാദര്‍ തോമസ് ജോസഫ് തേരകത്തിനെതിരെയും സമിതിയംഗം ബെറ്റി ജോസഫിനെതിരെയും, സംസ്ഥാന ബാലവകാശ കമ്മീഷന് അധ്യക്ഷനും കണ്ണൂര്‍ ജില്ലാ സൂപ്രണ്ടിനും അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നവജാത ശിശുവിനെക്കുറിച്ചുള്ള വിവരം അധികൃതരില്‍ നിന്ന് മറച്ചുവെച്ച ഇവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ കഴിഞ്ഞദിവസം അന്വേഷണസംഘം വയനാട് വൈത്തിരിയിലെ അനാഥമന്ദിരത്തിലും ശിശുക്ഷേമസമിതിയുടെ കമ്പളക്കാട് ഓഫീസിലും പരിശോധനയും തെളിവെടുപ്പും നടത്തിയിരുന്നു.
ഫാ. റോബിന് വടക്കുഞ്ചേരിയാണ് പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയത്. പെണ്‍കുട്ടി കഴിഞ്ഞ മാസം ക്രിസ്തുരാജ ആശുപത്രിയിലാണ് പ്രസവിച്ചത്. എന്നാല്‍ ഇക്കാര്യം ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചിരുന്നില്ല. പ്രസവം നടന്ന് ദിവസങ്ങള്‍ക്കകം പെണ്‍കുട്ടിയെ സഭയുടെ നേതൃത്വത്തിലുള്ള വൈത്തിരിയിലെ അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പീഡനം പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവയ്ക്കാനും പത്ത് ലക്ഷം രൂപ നല്കി ഒതുക്കിതീര്‍ക്കാനും ശ്രമം നടന്നു.
പ്രതിയായ വൈദികന് കാനഡയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അങ്കമാലിയില്‍ വച്ച് പോലീസിന്റെ പിടിയിലാവുകയായിരുന്നു. ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്. അതിനിടെ വൈദികന് പീഡിപ്പിച്ച പെണ്‍കുട്ടിയോടും കുടുംബത്തോടും മാപ്പുപറയുന്നതായും കുടുംബത്തിന്റെ കണ്ണീരില്‍ താനും ചേരുന്നുവെന്നും മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. കൊട്ടിയൂര്‍ ഇടവകയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒരിക്കലും നികത്താന്‍ പറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തില്‍ അടിയുറച്ച് നില്ക്കുന്ന ഇടവകാംഗങ്ങളെ അഭിനന്ദിക്കുന്നുവെന്നും ബിഷപ്പ് കത്തിലൂടെ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല