1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2017

 

സ്വന്തം ലേഖകന്‍: ‘അയാള്‍ അന്ധതയെ കളിയാക്കുമായിരുന്നു, പെരുമാറിയത് ഔദാര്യം കണക്കെ’, വിവാഹം മുടങ്ങിയതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഗായിക വൈക്കം വിജയലക്ഷ്മി. റെഡിഫിന് അനുവദിച്ച അഭിമുഖത്തിലാണ് നിശ്ചയിയിച്ച വിവാഹത്തില്‍ നിന്നും പിന്മാറിയ ഗായിക വൈക്കം വിജയലക്ഷ്മി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. തന്റെ അന്ധതയെ കളിയാക്കുകയും, ഔദാര്യം കണക്കെയാണ് തന്നെ വിവാഹം ചെയ്യുന്നതെന്ന തരത്തിലായിരുന്നു അയാളുടെ പരുമാറ്റമെന്നും വിജയലക്ഷ്മി പറയുന്നു.

വിവാഹമുറപ്പിച്ചയാള്‍ തന്നെ കച്ചേരിക്കും മറ്റ് പരിപാടികള്‍ക്കും പോകരുതെന്നു വിലക്കിയതായി വൈക്കം വിജയലക്ഷ്മി വാര്‍ത്താ സമ്മേളനത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അയാള്‍ക്ക് തന്നോട് ദേഷ്യമെന്ന വികാരം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അപഹസിക്കല്‍ സ്ഥിരമായിരുന്നെന്നും വിജയലക്ഷ്മി പറഞ്ഞു.

കണ്ണുകളില്‍ വെളിച്ചമില്ലാത്ത ഞാന്‍ മറ്റുള്ളവരെ മനസ്സിലാക്കുന്നത് അവരുടെ ശബ്ദത്തിലൂടെയാണ്. അയാളുടെ വാക്കുകളില്‍ ദേഷ്യമെന്ന വികാരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇക്കാര്യം ഞാന്‍ എന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അവര്‍ ആശ്വസിപ്പിച്ചു. അങ്ങനെയാവില്ലെന്നും ഒരുമിച്ച് ജീവിച്ചു തുടങ്ങിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പിന്നീടാണ് ഏറെ അധികാരത്തോടെ കച്ചേരിയും സിനിമയിലെ ഗാനാലാപനവും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതെന്നും വിജയലക്ഷ്മി പറഞ്ഞു.

സംഗീതമാണ് എനിക്ക് ശ്വാസം. പെട്ടെന്നൊരു ദിവസം അത് നിര്‍ണമെന്ന് പറഞ്ഞാല്‍ എന്റെ ശ്വാസം നിലച്ച് പോകും, വിജയലക്ഷ്മി പറയുന്നു. അന്ധയെന്ന നിലയില്‍ കളിയാക്കുന്ന സ്ഥിതിപോലും ഉണ്ടായി. എന്റെ ആ കുറവ് നോക്കിയാല്‍ ഞാന്‍ നേടിയത് ഒന്നുമല്ലെന്നായിരുന്നു അയാളുടെ നിലപാട്. എന്നെ വിവാഹം ചെയ്യുന്നത് ഒരു ഔദാര്യം പോലെയാണ് തോന്നിയത്. ഓരോ ദിവസവും കൂടുതല്‍ കയ്‌പേറിയ അനുഭവങ്ങളായിരുന്നു ഫോണ്‍ സംഭാഷണങ്ങളില്‍ ഉണ്ടായത്. പിന്നീടാണ് ആലോചിച്ച് വിവാഹത്തില്‍ നിന്നും പിന്മാരാന്‍ തീരുമാനിച്ചതെന്നും വിജയലക്ഷ്മി പറയുന്നു.

ആ തീരുമാനമെടുത്ത രാത്രി എനിക്കൊരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച് സമീപകാലത്തൊന്നും ഞാന്‍ പാടിയിട്ടില്ല. ഞാന്‍ സ്വതന്ത്രയായതുപോലെ തോന്നി. എന്നെ ചുറ്റിവരിയുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞതുപോലെ. അന്ന് ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങി. വിജയലക്ഷ്മി പറയുന്നു. പത്രത്തില്‍ നല്‍കിയ പരസ്യം കണ്ടാണ് വിവാഹ ആലോചന വന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15നായിരുന്നു നിശ്ചയം നടന്നത്.

വിവാഹശേഷവും സംഗീത പരിപാടികള്‍ തുടരാമെന്നും വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടില്‍ ഒരുമിച്ച് ജീവിക്കാമെന്നും സന്തോഷ് വിവാഹ നിശ്ചയത്തിന് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ വിവാഹശേഷം സംഗീത പരിപാടികള്‍ക്ക് പോകണ്ടായെന്നും ഏതെങ്കിലും സ്‌കൂളില്‍ അധ്യാപികയായി തുടര്‍ന്നാല്‍ മതിയെന്നും സന്തോഷ് അറിയിച്ചു. കൂടാതെ, വിജയലക്ഷ്മിയുടെ വീട്ടില്‍ വന്നു താമസിക്കാനാകില്ലെന്നും തൃശൂരില്‍ വിവാഹശേഷം കഴിയാമെന്നും സന്തോഷ് അറിയിക്കുകയായിരുന്നു. ഇതാണ് വിവാഹം വേണ്ടെന്നു വയ്ക്കാന്‍ വിജയലക്ഷ്മിയെ പ്രേരിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.