സ്വന്തം ലേഖകന്‍: ഫാസ്റ്റ്ട്രാക്ക് എച്ച് 1 ബി വിസ നല്‍കുന്നത് അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചു, വിലക്ക് ആറു മാസത്തേക്ക്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസാണ് ഇത്തരത്തിലുള്ള വിസകള്‍ പരിഗണിക്കുന്നതിന് താല്‍ക്കാലിക വിലക്ക് കൊണ്ടുവന്നത്. ഏപ്രില്‍ മൂന്നുമുതല്‍ ആറു മാസത്തേക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യന്‍ ഐടി മേഖലക്ക് കനത്ത തിരിച്ചടിയാകും.
വിലക്ക് നിലനില്‍ക്കുന്ന ആറു മാസത്തേക്ക് വീസയ്ക്കായുള്ള ഫോറം 1907, ഫോറം 1129 നല്‍കാനാകില്ല. ഈ പ്രീമിയം പ്രോസസിങ്ങിലൂടെ 15 ദിവസത്തിനുള്ളില്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള അവസരമാണ് വിലക്കിലൂടെ നഷ്ടമാകുന്നത്. 1125 ഡോളറാണ് ഇതിനായി ഈടാക്കിയിരുന്നത്. നിലവില്‍ വിവിധ വിഭാഗങ്ങളിലായി നിരവധി അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. എച്ച് 1 ബി വീസയ്ക്ക് അപേക്ഷിക്കുന്ന കമ്പനികള്‍ക്ക് ഫീസ് നല്‍കിയാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുമുള്ള വഴിയാണ് ഇതോടെ അടഞ്ഞത്.
ഇന്ത്യയുടെ എതിര്‍പ്പ് മറികടന്നാണ് അമേരിക്കയുടെ നടപടി. വിസ പരിഷ്‌കരണം ട്രംപ് ഭരണത്തിലെ തങ്ങളുടെ പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമാണെന്നും ഇത് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെതിരെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും വ്യവസായ സെക്രട്ടറിയും അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ആശങ്ക അറിയിച്ചിരുന്നു.
തൊഴിലുകള്‍ക്കായി വിദേശികള്‍ക്ക് യുഎസ് സര്‍ക്കാര്‍ നല്‍കുന്ന താല്‍ക്കാലിക വീസയാണ് എച്ച് 1 ബി. 1990 കളിലാണ് എച്ച് വണ്‍ ബി വീസകള്‍ പ്രചാരത്തിലായത്. തൊഴിലുടമകള്‍ക്ക് ഉന്നത വൈദഗ്ധ്യമുള്ള ജീവനക്കാരെ വിദേശത്തു നിന്നു കൊണ്ടുവരാന്‍ അനുവദിക്കുന്നതാണ് ഈ വിസകള്‍. ഇത് ലഭിക്കാനായി കുറഞ്ഞത് ബിരുദ യോഗ്യത ആവശ്യമുണ്ട്. നിലവില്‍ 30,000 മുതല്‍ 40,000 വരെ ഇന്ത്യക്കാര്‍ക്ക് വര്‍ഷം തോറും എച്ച് 1 ബി വീസ കിട്ടുന്നുണ്ട്. എച്ച് വണ്‍ ബി വിസ 86ശതമാനവും ലഭിക്കുന്നത് ഐടി മേഖലയിലെ ഇന്ത്യക്കാര്‍ക്കാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല