സ്വന്തം ലേഖകന്‍: ധനുഷ് ആരുടെ മകനാണ്?, നിര്‍ണായക വെളിപ്പെടുത്തലുമായി താരത്തിന്റെ ഹൈസ്കൂള്‍ അധ്യാപിക. തമിഴ് താരം ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശ വാദവുമായി രംഗത്തെത്തിയ മധുര ദമ്പതികല് ഹാജരാക്കിയ തെളിവുകള്‍ കോടതി സ്വീകരിച്ച സാഹചര്യത്തിലാണ് താരം പഠിച്ച സ്കൂളിന്റെ പ്രിന്‍സിപ്പാള്‍ രംഗത്തെത്തിയിരിക്കുന്നത്. എല്‍.കെ.ജി മുതല്‍ പത്താം ക്ലാസ് വരെ ധനുഷ് താന്‍ പ്രിന്‍സിപ്പാളായ തായ് സത്യ മട്രിക്കുലേഷന് സ്കൂളിലാണ് പഠിച്ചതെന്ന് വെളിപ്പെടുത്തുന്നത് സുധ വെങ്കടേശ്വര്‍ എന്ന അധ്യാപികയാണ്.
1987ല്‍ പിതാവും സംവിധായകനുമായ കസ്തൂരിരാജയും അമ്മ വിജയലക്ഷ്മിയും ചേര്‍ന്നാണ് ധനുഷിനെ തായ് സത്യ സ്കൂളില്‍ ചേര്‍ത്തത്. ധനുഷിന്റെ മുത്ത സഹോദരിമാരായ വിമല, ഗീത, കാര്‍ത്തിക ദേവി എന്നിവരും തായ് സത്യ സ്കൂളിലാണ് പഠിച്ചത്. അമ്മ വിഷയലക്ഷ്മിയാണ് ധനുഷിനെ സ്കൂളില്‍ കൊണ്ടു വന്ന് ആക്കിയിരുന്നതെന്നും സുധ വെളിപ്പെടുത്തി. ധനുഷ് തായ് സത്യ സ്കൂളില്‍ പഠിച്ചതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും സുധ കൂട്ടിച്ചേര്‍ത്തു.
പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് ഒരു സര്‍ക്കാര്‍ രേഖയാണ്. ധനുഷ് തായ് സത്യ സ്കൂളിലാണ് പഠിച്ചതെന്ന് അതില്‍പ്പരം മറ്റൊരു തെളിവ് ആവശ്യമില്ല. ഞാന്‍ ധനുഷിനെ ഹിസ്റ്ററിയാണ് പഠിപ്പിച്ചിരുന്നത്. അന്നത്തെ പ്രിന്‍സിപ്പാളും ഞാനായിരുന്നു. ധനുഷിന് അന്ന് പഠിപ്പിച്ച അധ്യാപകരില്‍ ചിലര്‍ ഇപ്പോഴും തായ് സത്യ സ്കൂളില്‍ ജോലി ചെയ്യുന്നുണ്ടെന്നും സുധ പറഞ്ഞു.
കസ്തൂരി രാജയും വിജയലക്ഷ്മിയും തന്നെയാണ് ധനുഷിന്റെ മാതാപിതാക്കള്‍. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ നല്കിയ കേസിനെക്കുറിച്ച് അറിഞ്ഞ് തനിക്ക് ദുഃഖം തോന്നിയെന്നും അധ്യാപിക കുട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലെ മേലൂര്‍ സ്വദേശികളായ കതിരേശന്‍മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് കേസ് നല്‍കിയത്. കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ധനുഷ് കഴിഞ്ഞ ദിവസം ഹാജരായിരുന്നു.
ധനുഷ് മകനാണെന്ന് വ്യക്താക്കുന്ന തെളിവുകള്‍ പക്കലുണ്ടെന്നാണ് ദമ്പതികളുടെ വാദം. ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്നും കോടതിയില്‍ അവര്‍ വ്യക്തമാക്കിയിരുന്നു. 2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തത്. മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം.
എന്നാല്‍ ബ്ളാക്മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ നിലയിലാണ് ഇരുകൂട്ടരോടും തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. അതിനിടെയാണ്, കീഴ്ക്കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ധനുഷ് ഹൈക്കോടതിയെ സമീപിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ കേസിലെ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. കേസ് വീണ്ടും ഈ മാസം ഒന്പതിനു വീണ്ടും പരിഗണിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല