സ്വന്തം ലേഖകന്‍: വീരപ്പനെ കെണിയിലാക്കാന്‍ സഹായിച്ചത് പി.ഡി.പി നേതാവ് മദനി, തമിഴ്‌നാട് മുന്‍ ഡി.ജി.പിയുടെ വെളിപ്പെടുത്തല്‍. ഇതിനായി പല തവണ മദനിയെ കണ്ടിട്ടുള്ളതായും പോലീസിന്റെ പ്രത്യുപകാരം മദനിക്ക് ലഭിച്ചിട്ടുണ്ടാകാമെന്നും തമിഴ്‌നാട് മുന്‍ ഡി.ജി.പി നടരാജന്‍ പറഞ്ഞു. കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ വീരപ്പന്റെ സഹോദരനും മദനിയും തമ്മില്‍ സൗഹൃദത്തിലായിരുന്നു. വീരപ്പന്‍ കെണിയില്‍ വീണതിനാലാണ് പോലീസിന്റെ പ്രത്യുപകാരം മദനിക്ക് ലഭിച്ചതായി കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസേനയുടെ തലവനായിരുന്ന കെ. വിജയകുമാര്‍ എഴുതിയ പുസ്തകത്തിലാണ് ഇത് സംബന്ധിച്ച സൂചന ആദ്യം പുറത്തുവന്നത്. വീരപ്പന്‍ ചേസിങ് ദി ബ്രിഗന്‍ഡ് എന്ന പേരില്‍ പുറത്തിടങ്ങിയ പുസ്തകത്തില്‍ ഇത്തരമൊരു സാധ്യതയുടെ സൂചനകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം തമിഴ്‌നാട് മുന്‍ ഡി.ജി.പി തന്നെ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ആരോപണവിധേയനായി ജയിലില്‍ കഴിയവെയാണ് പോലീസ് മദനിയുടെ സഹായം തേടിയത്.
ദമനി എന്ന പേരിലാണ് മദനിയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. ദമനി എന്നയാള്‍ മദനി തന്നെയാണെന്ന് സൂചനകളില്‍ നിന്ന് വ്യക്തമാണ്. പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ. വിചാരണ തടവുകാരനായി മദനി കോയമ്പത്തൂര്‍ ജയിലില്‍ കഴിയവെ വീരപ്പന്റെ സഹോദരന്‍ മാതേയനും കോയമ്പത്തൂര്‍ ജയിലിലുണ്ടായിരുന്നു. വീരപ്പന്‍ തന്റെ സംഘത്തിലേക്ക് പുതിയ ആളുകളെ ചേര്‍ക്കുന്നതായി മാതേയന്‍ പറഞ്ഞ് മദനി അറിഞ്ഞു. ഇക്കാര്യ അറിഞ്ഞ ദൗത്യസേന 2003 ല്‍ ജയിലിലെത്തി മദനിയെ കണ്ടു.
വീരപ്പന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ തന്റെ നാല് അനുയായികളെ വിട്ടുനല്‍കാമെന്ന് മാതയ്യനോട് പറയണമെന്ന് എസ്.ടി.എഫ്. ഉദ്യോഗസ്ഥര്‍ ‘ദമനി’യോട് ആവശ്യപ്പെട്ടു. പ്രത്യുപകാരമായി ‘ദമനി’യുടെ ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ഏറെ ചര്‍ച്ചകള്‍ക്കുശേഷം ‘ദമനി’ സമ്മതംമൂളി. തന്റെ കൂടെനില്‍ക്കുന്ന നാലുപേരെ വീരപ്പന്‍ സംഘത്തിലേക്ക് അയയ്ക്കാമെന്ന് ‘ദമനി’ മാതയ്യനോട് പറഞ്ഞു. ജയിലില്‍ തന്നെ പതിവായി കാണാന്‍വരുന്ന മരുമകന്റെ സഹായത്തോടെ മാതയ്യന്‍ ഈ വിവരം വീരപ്പന്റെ അടുത്തെത്തിച്ചു.
അങ്ങനെയാണ് താന്‍ ‘തിരക്കഥയൊരുക്കിയ പദ്ധതി’ നടപ്പാക്കിയതെന്ന് പുസ്തകത്തില്‍ വിജയകുമാര്‍ വിവരിക്കുന്നു. പിന്നീടുള്ള ദിവസങ്ങളിലൊന്നും ‘ദമനി’ക്ക് മാതയ്യനെ കാണാന്‍ ജയിലില്‍ അവസരമുണ്ടാക്കിയില്ല. ജയിലിലേക്കുള്ള മാതയ്യന്റെ മരുമകന്റെ വരവും പോലീസ് പലകാരണങ്ങള്‍ പറഞ്ഞ് തടഞ്ഞു. ഈ സമയത്ത് ‘ദമനി’ പറഞ്ഞുവിട്ട ആള്‍ക്കാര്‍ എന്നപേരില്‍ കന്യാകുമാരി സ്വദേശി ഹിദായത്തുള്ളയും നാലു സുഹൃത്തുക്കളും സത്യമംഗലം കാട്ടിലെത്തി വീരപ്പന്‍ സംഘത്തോടൊപ്പം ചേര്‍ന്നു.
ഹിദായത്തുള്ളയും സംഘവും നല്‍കിയ വിവരങ്ങള്‍വെച്ച് വീരപ്പനെയും സംഘത്തെയും വകവരുത്താന്‍ ‘ഓപ്പറേഷന്‍ കൊക്കൂണ്‍’ എന്ന പേരില്‍ വിജയകുമാര്‍ പദ്ധതിയൊരുക്കി. നേത്രശസ്ത്രക്രിയയ്ക്കായി നാട്ടിലേക്ക് തിരിച്ച വീരപ്പനെയും മൂന്നു കൂട്ടാളികളെയും 2004 ഒക്ടോബര്‍ 18ന് ധര്‍മപുരി ജില്ലയിലെ പാപ്പിരപട്ടി ഗ്രാമത്തില്‍വെച്ച് എസ്.ടി.എഫ്. സേനാംഗങ്ങള്‍ വെടിവെച്ചുകൊന്നു.
ഈ വിവരണത്തിലെ ദമനി മദനി തന്നെയാണെന്നാണ് മുന്‍ തമിഴ്‌നാട് ഡി.ജി.പിയും മൈലാപൂര്‍ എം.എല്‍.എയുമായ നടരാജന്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല