സ്വന്തം ലേഖകന്‍: സോമാലിയയില്‍ പട്ടിണിയുടേയും പകര്‍ച്ച വ്യാധികളുടേയും താണ്ഡവം, 48 മണിക്കൂറിനുള്ളില്‍ മരിച്ചു വീണത് 110 പേര്‍. ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ കൊടും പട്ടിണി വ്യാപിക്കുമ്പോള്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബേ റീജീയണില്‍ 110 പേര്‍ പട്ടിണി മൂലം മരിച്ചതായി പ്രധാനമന്ത്രി ഹസന്‍ അലി ഖയീരിയ അറിയിച്ചു. ചില മേഖലകളില്‍ വരള്‍ച്ച രൂക്ഷമായതാണ് അവസ്ഥ ഭീകരമാക്കിയത്.
സൊമാലിയയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശമായ ബേ റീജിയണ്‍ കനത്ത വരള്‍ച്ചയില്‍ വരണ്ടുണങ്ങുകയാണ്.കൊടും പട്ടിണിക്കും പുറമെ വയറിളക്കവും ചേരുമ്പോള്‍ ആളുകള്‍ തളര്‍ന്ന് വീണ് മരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുഞ്ഞുങ്ങളും പ്രായമായവരുമാണ് മരിച്ചു വീഴുന്നവരില്‍ കൂടുതല്‍. ആവശ്യത്തിന് പോലും ചികിത്സ സംവിധാനങ്ങള്‍ പ്രദേശത്തുള്‍പ്പെടെ ഇല്ലാത്തത് പകര്‍ച്ച വ്യാധികള്‍ പടരുന്നതിന് കാരണമാകുന്നുണ്ട്. കോളറ, അതിസാരം എന്നീ രോഗങ്ങളാണ് പടര്‍ന്നു പിടിക്കുന്നത്. 55 ലക്ഷം ജനങ്ങള്‍ക്ക് ജലജന്യ രോഗങ്ങള്‍ പിടിപെട്ടുവെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഈ പ്രദേശത്തു നിന്നുള്ള ആളുകളുടെ പാലായനവും തുടരുകയാണ്.
വിവിധ പ്രദേശങ്ങള്‍ കടുത്ത ക്ഷാമത്തില്‍ അമര്‍ന്നതോടെ ആളുകള്‍ കൂട്ടത്തോടെ തലസ്ഥാനമായ മൊഗദിഷുവിലേക്ക് പലായനം ചെയ്തുതുടങ്ങി. രാജ്യത്ത് 50 ലക്ഷത്തോളം ആളുകള്‍ക്ക് സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. 3,63,000 കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതായും യുഎന്‍ ഏജന്‍സി വ്യക്തമാക്കി. 2011ല്‍ സൊമാലിയയിലുണ്ടായ ക്ഷാമത്തില്‍ 2,60,000 പേര്‍ മരിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൊമാലിയക്കാരോട് പ്രധാനമന്ത്രി ഹസന്‍ അലി സഹായം അഭ്യര്‍ത്ഥിച്ചു. സൊമാലിയയില്‍ മരിച്ച് വീഴുന്നവരെ രക്ഷപ്പെടുത്താന്‍ നിങ്ങള്‍ എവിടെയാണോ അവിടെ നിന്ന് സഹായം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല