സ്വന്തം ലേഖകന്‍: സ്ഥാനപതിയെ പുറത്താക്കിയത് ഉത്തര കൊറിയയ്ക്കുള്ള മുന്നറിയിപ്പെന്നു മലേഷ്യ, വിലക്കു ലംഘിച്ച് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഉത്തര കൊറിയന്‍ സ്ഥാനപതി കാംഗ് ചോളിനോട് 48 മണിക്കൂറിനകം രാജ്യംവിടാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിംഗ് ജോംഗ് നാമിന്റെ കൊലപാതകം സംബന്ധിച്ചു മലേഷ്യ നടത്തിയ അന്വേഷണത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് ചോളിനെ പുറത്താക്കിയത്.
ഫെബ്രുവരി 13 നു മക്കാവുവിലേക്കുള്ള മടക്കയാത്രയ്ക്കു ക്വാലാലന്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ നാമിനെ രണ്ടു ചാരവനിതകള്‍ വിഎക്‌സ് വിഷവാതകം പ്രയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഉത്തര കൊറിയന്‍ ഭരണകൂടമാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നു മലേഷ്യ ആരോപിക്കുന്നു. സ്ഥാനപതിയെ പുറത്താക്കല്‍ ഉത്തര കൊറിയയ്ക്കുള്ള മുന്നറിയിപ്പാണെന്നും തങ്ങള്‍ ഗൗരവപൂര്‍വമാണ് അന്വേഷണം നടത്തുന്നതെന്നും അന്വേഷണം വളച്ചൊടിക്കില്ലെന്നും മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി മാധ്യമങ്ങളോടു പറഞ്ഞു.
അതിനിടെ വിലക്കുകള്‍ ലംഘിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഉത്തരകൊറിയ നാല് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. ഉത്തര കൊറിയ തൊടുത്തുവിട്ട നാലു മിസൈലുകള്‍ 1000 കിലോമീറ്റര്‍ താണ്ടി ജപ്പാന്‍ കടലില്‍ പതിച്ചു. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36ന് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന തോംചാംഗ്‌റി മേഖലയില്‍ നിന്നായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു.
കഴിഞ്ഞ മാസവും ഉത്തര കൊറിയ ഇത്തരത്തില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. ഇതിനെതിരെ യു.എന്നും അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. കിംഗ് ജോംഗ് നാമിന്റെ കൊലപാതകത്തിന്റേയും ഉത്തര കൊറിയയും മലേഷ്യയും തമ്മിലുള്ള ഉരസലിന്റേയും പശ്ചാത്തലത്തില്‍ പുതിയ മിസൈല്‍ പരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല