സ്വന്തം ലേഖകന്‍: മാധവിക്കുട്ടിയുമായി പ്രണയമുണ്ടായിരുന്നു എന്ന് പ്രചരണം, ഗ്രീന്‍ ബുക്‌സിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അബ്ദുള്‍ സമദ് സമദാനിയുടെ നോട്ടീസ്. മെര്‍ലി വെയ്‌സ്‌ബോഡ് പ്രസിദ്ധീകരിച്ച ‘ദ ക്വീന്‍ ഓഫ് മലബാര്‍’ എന്ന ഗ്രന്ഥത്തിന് ‘പ്രണയത്തിന്റെ രാജകുമാരി’ എന്ന പേരില്‍ ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ച മലയാള പരിഭാഷക്കെതിരെയാണ് സമദാനിയുടെ നോട്ടീസ്. തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച ഗ്രീന്‍ബുക്‌സ് അധികൃതര്‍ പുസ്തകം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് സമാദാനിയുടെ ആവശ്യം.
ഗ്രീന്‍ബുക്‌സ്, ഗ്രീന്‍ബുക്‌സ് മാനേജിങ് എഡിറ്റര്‍ കൃഷ്ണദാസ്, എം.ജി സുരേഷ്, മെര്‍ലി വെയ്‌സ്‌ബോഡ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മുഖേനയാണ് സമദാനി നോട്ടീസ് അയച്ചിരിക്കുന്നത്. ഈ പുസ്തകത്തിലെ ചിത്രീകരിച്ച കാര്യങ്ങള്‍ അധാര്‍മ്മികവും സത്യവിരുദ്ധവും നിയമവിരുദ്ധവും തന്റെയും കമലാദാസിന്റെയും പേരില്‍ കൃത്രിമ കഥയുണ്ടാക്കി ധനനേട്ടം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതുമാണെന്നാണ് നോട്ടീസില്‍ പറയുന്നത്.
പുസ്തകത്തിലെ പേജ് നമ്പര്‍ 207 മുതല്‍ 218വരെയുള്ള ഭാഗങ്ങളാണ് സമദാനി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സാദിഖലിയെന്നാണ് പുസത്കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതെങ്കിലും അത് താനാണെന്ന് വായിക്കുന്ന ഏതൊരാള്‍ക്കും പകല്‍പോലെ വ്യക്തമാകുമെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. മാധവിക്കുട്ടിയുടെ മതംമാറ്റത്തിനുള്ളിലെ രഹസ്യങ്ങള്‍ എന്ന തലവാചകത്തിലുള്ള ചിത്രത്തിലും സുരയ്യ സമാദാനി വിവാഹം നടക്കുമോ? എന്ന് ചോദിച്ചുകൊണ്ട് തന്റെയും മാധവിക്കുട്ടിയുടെയും ഫോട്ടോയാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ബിജെപി നേതാവ് അഡ്വ. പി. ശ്രീധരന്‍പിള്ള മുഖേനെയാണ് നോട്ടീസയച്ചത്. ഒരാഴ്ചക്കകം പുസ്തകം പിന്‍വലിക്കണമെന്നാണ് ആവശ്യം. പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. മാനനഷ്ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായും ആവശ്യപ്പെടുന്നുണ്ട്. കമലാ സുരയ്യയുടെ സുഹൃത്തും കനേഡിയന്‍ എഴുത്തുകാരിയുമായ മെര്‍ലി വെയ്‌സ്‌ബോര്‍ഡ് എഴുതിയ ലവ് ക്വീന്‍ ഓഫ് മലബാര്‍ എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് പ്രണയത്തിന്റെ രാജകുമാരി.
തങ്ങളെ രണ്ട് പേരേയും കുറിച്ചുള്ള അപവാദങ്ങള്‍ മരണത്തിന് മുമ്പ് മാധവിക്കുട്ടി തന്നെ നിഷേധിച്ച് രംഗത്തെത്തിയതാണ്. തനിക്ക് അയച്ച കത്തുകളില്‍ അമ്മ എന്നാണ് അവര്‍ സംബോധന ചെയ്തത്. മറിച്ചുള്ള ആരോപണങ്ങള്‍ പുസ്തകം വിറ്റു പോവാന്‍ വേണ്ടി മാത്രമുള്ളതാണെന്നും സമദാനി ആരോപിക്കുന്നു. 2010 ലാണ് മെറില്‍ വെയിസ്‌ബോര്‍ഡ് എഴുതിയ മാധവിക്കുട്ടിയുടെ ഇംഗ്ലീഷ് ജീവചരിത്രമായ ‘ദി ലവ് ക്വീന്‍ ഓഫ് മലബാര്‍’ എന്ന പേരില്‍ മക് ഗില്‍ ക്വീന്‍സ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല