1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2017

 

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പൗരത്വമില്ലാത്തതിനാല്‍ അര ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ മാറ്റാന്‍ കഴിയാതെ അമേരിക്കന്‍ മലയാളി, കൈ മലര്‍ത്തി അധികാരികള്‍. പഴയ നോട്ടുമാറാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെ സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും വിദേശ പൗരത്വമുള്ള ഇന്ത്യാക്കാര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയില്ല. ഫിലിപ്പ് ജോണ്‍ എന്ന അമേരിക്കന്‍ മലയാളിയാണ് അര ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായി ഈ സാങ്കേതിക കുരുക്കില്‍പ്പെട്ട് വലയുന്നത്. തന്റെ കൈവശമുള്ള നോട്ടുകള്‍ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകുന്നില്ലെന്ന് ചെങ്ങന്നൂര്‍ സ്വദേശിയായ ഫിലിപ്പ് ജോണ്‍ ആരോപിക്കുന്നു.

ഇരുപതിലധികം വര്‍ഷമായി ന്യൂയോര്‍ക്കിലാണ് അറുപത്തിയഞ്ചുകാരനായ ഫിലിപ്പ് ജോണ്‍. ഏറെ മാസങ്ങള്‍ക്കുശേഷമാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞവര്‍ഷം തിരിച്ചുപോകുമ്പോള്‍ ചെലവിനായി കരുതിയ അന്‍പത്തൊമ്പതിനായിരം രൂപയാണ് ഇപ്പോള്‍ കൈയിലുള്ളത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധുനോട്ടുകള്‍ നിക്ഷേപിക്കാന്‍ സാവകാശമുണ്ടെന്നറിഞ്ഞാണ് റിസര്‍വ് ബാങ്കിലെത്തിയത്.

ഓവര്‍സീസ് ഇന്ത്യന്‍ കാര്‍ഡ് ഉണ്ടെങ്കിലും അതൊന്നും ഇളവുനല്‍കാന്‍ പര്യാപ്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ന്ന് പണം റിസര്‍വ് ബാങ്കിനുമുന്നില്‍ ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പോലീസും ഉദ്യോഗസ്ഥരും താക്കീതുചെയ്തു. അസാധുനോട്ടുകള്‍ കൈവശംവെച്ചതിന്റെ പേരില്‍ നടപടിനേരിടേണ്ടിവരുമോ എന്ന ആശങ്കയിലാണിപ്പോള്‍ ഇദ്ദേഹം.
ഇതേ പ്രശ്‌നം നേരിടുന്ന നിരവധി പ്രവാസി ഇന്ത്യക്കാരാണ് ദിവസവും റിസര്‍വ് ബാങ്കിന്റെ മുന്നിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.