സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണുകളിലും സമൂഹ മാധ്യമങ്ങളിലും നടക്കുന്നതെല്ലാം അമേരിക്ക ചോര്‍ത്തുന്നു, സിഐഎയുടെ ഹാക്കിംഗ് ആയുധങ്ങളും രഹസ്യങ്ങളും പരസ്യമാക്കി വിക്കിലീക്ക്‌സ്. വിവിധ രാജ്യങ്ങളിലെ പ്രമുഖരുടെയും ഭീകരരുടെയും ഹൈ ടെക് ഫോണുകള്‍ മുതല്‍ ടെലിവിഷനുകളും കാറുകളും വരെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ചോര്‍ത്തുന്നതായി തെളിയിക്കുന്ന നിരവധി രേഖകളാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. വോള്‍ട്ട് 7 എന്നു പേരിട്ടിരിക്കുന്ന പരമ്പരയുടെ ഭാഗമായി 8761 രേഖകളാണ് ആദ്യഘട്ടത്തില്‍ വിക്കിലീക്‌സ് പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, ഈ രേഖകളുടെ ആധികാരികത സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. സിഐഎ ഉപയോഗിക്കുന്ന നിരവധി സൈബര്‍ ആയുധങ്ങള്‍ വിദേശ ചാര ഏജന്‍സികളുടെയും കുറ്റവാളികളുടെയും കൈവശമുണ്ടെന്നും വിക്കിലീക്‌സ് രേഖകളിലുണ്ട്.സൈബര്‍ സുരക്ഷ സംബന്ധിച്ചുള്ള സിഐഎയുടെ ആയിരത്തോളം രേഖകളാണ് ചോര്‍ത്തി പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയ, ഇ മെയില്‍ അക്കൗണ്ടുകള്‍ എന്നിങ്ങനെ വ്യക്തിപരമായ വിവരങ്ങളും സിഐഎ ഹാക്ക് ചെയ്യുന്നതായും ഹാക്കിങ്ങിനു ഏതെല്ലാം രീതികളാണ് സ്വീകരിക്കുന്നതെന്നും ഈ രേഖകളില്‍ വ്യക്തമാക്കുന്നു.
വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചറുകളില്‍ സുരക്ഷിതമെന്ന് പറയുന്ന മെസേജുകള്‍ വരെ ചോര്‍ത്താനുള്ള സോഫ്‌റ്റ്വെയര്‍ സിഐഎയുടെ കൈവശമുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകള്‍ ഹാക്ക് ചെയ്തു സന്ദേശങ്ങളും മറ്റു രേഖകളും ചോര്‍ത്താന്‍ ഈ സോഫ്‌റ്റ്വെയറിനു സാധിക്കുമെന്നും വിക്കീലീക്‌സ് രേഖകള്‍ പറയുന്നു. സിഐഎയുടെ വിര്‍ജീനിയയിലെ ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സൈബര്‍ ഇന്റലിജന്‍സ് വികസിപ്പിച്ച വിവിധ ഹാക്കിങ് സംവിധാനങ്ങള്‍ ഐഫോണിലും ആന്‍ഡ്രോയിഡിലും വിന്‍ഡോസിലും ഘടിപ്പിച്ചിരുന്നു. ലോകവ്യാപകമായി സ്മാര്‍ട് ഫോണുകളില്‍ നിന്നും കംപ്യൂട്ടറുകളില്‍ നിന്നും വിവരങ്ങള്‍ കാലങ്ങളായി സിഐഎ ചോര്‍ത്തി.
മാസങ്ങള്‍ക്കു മുമ്പ് ഈ ഹാക്കിങ് സംവിധാനത്തിന്റെ നിയന്ത്രണം സിഐഎയ്ക്കു നഷ്ടമായി. സിഐഎയുടെ മുന്‍ ഉദ്യോഗസ്ഥര്‍ക്കും അമേരിക്കയിലെ ചില മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഈ രേഖകകള്‍ ലഭിച്ചിരുന്നു. അവരില്‍ ഒരാളില്‍ നിന്നു ലഭിച്ച രേഖകള്‍ പുറത്തു വിടുന്നു എന്നാണ് വിക്കിലീക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്. ഫോണുകളും കംപ്യൂട്ടറുകളും മാത്രമല്ല ടെലിവിഷനുകളും ഹാക്കിങ്ങിനായി സിഐഎ ഉപയോഗിച്ചിരുന്നു എന്നതാണ് മറ്റൊരു വെളിപ്പെടുത്തല്‍. കൊറിയന്‍ കമ്പനിയായ സാംസങ്ങിന്റെ എഫ്8000 മോഡലില്‍ പ്രത്യേക തരത്തിലുള്ള സംവിധാനമാണ് സിഐഎ തയാറാക്കിയത്.
ഫേക്ഓഫ് എന്ന രീതിയാണ് ഉപയോഗിച്ചത്. ടെലിവിഷന്‍ സ്‌ക്രീനാണ് ഇവിടെ സിഐഎയുടെ ഹാക്കിങ് ഡിവൈസ്. ടിവി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ സ്‌ക്രീന്‍ ഓഫ് മോഡിലേക്കു പോകുന്നു. ടിവി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് തോന്നുക. എന്നാല്‍, ഈ ഈ സമയം ആ മുറിക്കുള്ളിലെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യാനും അത് സിഐഎയുടെ സര്‍വറിലേക്ക് അയയ്ക്കാനും കഴിയുന്ന ആപ്ലിക്കേഷനാണ് സിഐഎ ടിവിക്കുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നത്. ഈ ബാച്ചില്‍ പുറത്തിറങ്ങിയ എല്ലാ ടെലിവിഷനുകളിലും ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചില്ല.
വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലിനോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്ന് സിഐഎ വക്താവ് ഹീതര്‍ ഫ്രിറ്റ്‌സ് ഫൊര്‍നിയാക് പറഞ്ഞു. 2013 മുതല്‍ 2016 വരെയുള്ള സിഐഎ രേഖകളാണ് ചോര്‍ന്നിരിക്കുന്നത്. ഇത്രയധികം രഹസ്യ രേഖകള്‍ ഒറ്റയടിക്ക് ചോരുന്നത് സിഐഎയുടെ ചരിത്രത്തില്‍ ആദ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല