സ്വന്തം ലേഖകന്‍: റിയാലിറ്റി ഷോയില്‍ പര്‍ദയിട്ട് ഹിന്ദു ഭക്തിഗാനം ആലപിച്ച മുസ്ലിം പെണ്‍കുട്ടിക്ക് നേരെ മതമൗലിക വാദികളുടെ സൈബര്‍ ആക്രമണം. കര്‍ണാടകയില്‍ ഷിമോഗ ജില്ലയിലെ സുഹാന സെയ്ദ് എന്ന 22കാരിക്ക് നേരെയാണ് നവമാധ്യമങ്ങളില്‍ മത മൗലികവാദികള്‍ വിമര്‍ശനവും പരിഹാസവുമായി രംഗത്തെത്തിയത്.
സീ കന്നടയില്‍ ‘സ രി ഗ മ പ’ എന്ന സംഗീത റിയാലിറ്റി ഷോയിലാണ് സുഹാന ഹിന്ദു ഭക്തി ഗാനം ആലപിച്ചിരുന്നത്. പുരുഷന്മാരുടെ മുന്നില്‍ ഗാനം ആലപിച്ചത് സമുദായത്തെ കളങ്കപ്പെടുത്താനുള്ള നീക്കമാണെന്ന് ആരോപിച്ചാണ് തീവ്ര മുസ്ലിം വാദികള്‍ യുവതിക്കെതിരെ രംഗത്തെത്തിയത്.
സ്വന്തം സൗന്ദര്യം പുരുഷന്മാര്ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ നിന്റെ മാതാപിതാക്കള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കില്ലെന്നും പര്‍ദ്ദ സംസ്കാരത്തെ ബഹുമാനിക്കാന്‍ അറിയില്ലെങ്കില്‍ അത് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലെതെന്നുമാണ് പെണ്‍കുട്ടിക്ക് ഉപദേശം ലഭിച്ചത്.
അതേസമയം പെണ്‍കുട്ടിയൂടെ പാട്ടിനെ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളും ശ്രോതാക്കളും അഭിനന്ദിച്ചു. സുഹാന ഹിന്ദു മുസ്ലിം ഐക്യത്തിന്റെ അടയാളമാണെന്നും ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള മാധ്യമമാണ് സംഗീതമെന്നുമാണ് കന്നഡ സംഗീത സംവിധായകന് അര്ജുന് ജന്യ ഇതേകുറിച്ച് പ്രതികരിച്ചത്.
കഴിഞ്ഞ ആഴ്ചയായിരുന്നു റിയാലിറ്റി ഷോയില്‍ സുഹാനയുടെ ഭക്തി ഗാനാലപനം. സുഹാനയുടെ രണ്ട് ഗാനങ്ങളും നവമാധ്യമങ്ങളില്‍ തരംഗമായതോടെയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല